ആധാർ കാർഡ് ജനനത്തീയതി തെളിയിക്കാനുള്ള രേഖയാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒരാളുടെ ജനനത്തീയതി തെളിയിക്കുന്നതിനുതകുന്ന സാധുതയുള്ള തെളിവായി ആധാർ കാർഡ് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. എന്നാൽ, സ്കൂളിൽനിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ് കൂടുതൽ വിശ്വസനീയമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ഒരു വ്യക്തിയുടെ ഐഡന്‍റിറ്റി സ്ഥാപിക്കാൻ ആധാർ കാർഡുകൾ ഉപയോഗിക്കാമെന്നും എന്നാൽ ഒരാളുടെ ജനനത്തീയതി നിർണയിക്കാൻ ആധാരമാകില്ലെന്നും 2018ലും 2023ലും യുനീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രണ്ട് സർക്കുലറുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോളണ്ട്, ഉജ്ജൽ ഭുയാ​ൻ എന്നിവരടങ്ങിയ ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു.

മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാര തുകയായ 19, 35,400 രൂപ 9,22,336 രൂപയായി വെട്ടിക്കുറച്ച പഞ്ചാബ്- ഹരിയാന ഹൈകോടതി ഉത്തരവിനെതിരെ സരോജ എന്ന സത്രീയും അവരുടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. 2015 ആഗസ്റ്റ് നാലിന് റോഹ്തക്കിലുണ്ടായ വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്നായിരുന്നു ട്രിബ്യൂണൽ ഇവർക്ക് 19,35,400രൂപ നഷ്ടപരിഹാരം അനുവദിച്ചത്. എന്നാൽ, ട്രിബ്യൂണലി​ന്‍റെ ഉത്തരവിനെ ഇൻഷുറൻസ് കമ്പനി ഹൈകോടതിയിൽ ചോദ്യം ചെയ്തു.

ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ മരിച്ചയാളുടെ പ്രായം കണക്കാക്കിയാണ് ഹൈകോടതി തുക വെട്ടിക്കുറച്ചത്. ഈ ഡേറ്റ പ്രകാരം പ്രായം 47 ആയിരുന്നു. എന്നാൽ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ജനനത്തീയതിയിൽ മരിച്ചയാളുടെ പ്രായം 45 ആണ്. നഷ്ടപരിഹാരത്തുക നിശ്ചയിക്കുമ്പോൾ ട്രിബ്യൂണൽ, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന ജനനത്തീയതിയാണ് കണക്കിലെടുത്തത്.

ഹൈകോടതിയുടെ വിധയിൽ പ്രയാസമനുഭവിച്ച കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ‘തുക കുറക്കുന്നിടത്ത് ഹൈകോടതിക്ക് തെറ്റുപറ്റിയെന്നാണ് ഈ കോടതിയുടെ അഭിപ്രായം. മരണപ്പെട്ടയാളുടെ ആധാർ കാർഡിൽ പറഞ്ഞിരിക്കുന്ന പ്രായമായ1969 ജനുവരി 1 എന്നതിനെയാണ് ഹൈകോടതി ആശ്രയിച്ചത്. എന്നാൽ, അവകാശികളായ ഹരജിക്കാർ സമർപ്പിച്ചതു പ്രകാരം, സ്‌കൂൾ വിടുതൽ സർട്ടിഫിക്കറ്റിൽ മരിച്ചയാളുടെ ജനനത്തീയതി 1970 ഒക്ടോബർ 7 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജസ്റ്റിസ് കരോൾ നിരീക്ഷിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 94ലെ രണ്ടാം ഉപവകുപ്പ് ഉദ്ധരിച്ച്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നൽകിയിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ് എന്നും സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസ് കെ. 2019 ലെ പുട്ടസ്വാമി Vs യൂണിയൻ ഓഫ് ഇന്ത്യയുടെയും ഇതര കേസുകളുടെയും പശ്ചാത്തലത്തിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്, ആധാർ എന്നത് മറ്റുള്ള രേഖകളെ അടിസ്ഥാനമാക്കി ചില സവിശേഷതകളോടെ തയ്യാറാക്കിയ ഒരു തിരിച്ചറിയൽ രേഖയാണെന്ന് വ്യക്തമാക്കിയിരുന്നു. 2018 ഡിസംബർ 20ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടം പരാമർശിച്ച് യു.ഐ.ഡി.എ.ഐ അതി​ന്‍റെ 2023ലെ 8ാം നമ്പർ സർക്കുലർ വഴി ആധാർ കാർഡ് നൽകാമെന്ന് പ്രസ്താവിച്ചതായി തങ്ങൾ കണ്ടെത്തിയെന്നും അത് ജനനത്തീയതിയുടെ തെളിവല്ലെന്നും ഐഡന്‍റിറ്റി സ്ഥാപിക്കാനുള്ളതാണെന്നും ബെഞ്ച് വിധിന്യായത്തിൽ പറഞ്ഞു.

‘സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഹരജിക്കാരുടെ വാദം അംഗീകരിക്കാൻ തങ്ങൾക്ക് ഒരു മടിയുമില്ലെന്നും അതാണ് പ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന നിലപാടെന്നും ട്രിബ്യൂണൽ പ്രായം നിർണയിച്ചതിൽ ഒരു തെറ്റും തങ്ങൾ കാണുന്നില്ലെന്നും ജസ്റ്റിസ് കരോൾ കൂട്ടിച്ചേർത്തു.

ട്രിബ്യൂണൽ മുമ്പാകെ സമർപിച്ച ക്ലെയിമുകൾ വഴി ലഭിക്കുന്ന നഷ്ടപരിഹാരം അവകാശികളുടെയോ കുടുംബാംഗങ്ങളുടെയോ പരിക്കിൽ നിന്നോ മരണത്തിൽ നിന്നോ ഉള്ളതാണ് എന്ന വസ്തുത ഹൈകോടതികൾക്ക് കാണാതിരിക്കാനാവില്ല. ആ തുകയിലൂടെ അവർക്ക് നീതി ലഭ്യമാക്കണമെന്നും പരമോന്നത കോടതി കീഴ്ക്കോടതികളോട് നിർദേശിച്ചു.

Tags:    
News Summary - Aadhaar card not valid proof of date of birth, says Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT