ന്യൂഡൽഹി: ആധാർ കേസിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധി പുറത്തുവന്നപ്പോൾ ആശയക്കു ഴപ്പവും അവ്യക്തതകളും ബാക്കി. നിയമയുദ്ധം അവസാനിക്കുന്നില്ല. വിപുല ബെഞ്ച് കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വീണ്ടും സുപ്രീംകോടതിയിലേക്ക്.
സുപ്രീംകോടതി വിധി വന്നെങ്കിലും ആധാർ ഉദ്ദേശിച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാറിനും സാധിക്കില്ല. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന ഭൂരിപക്ഷാഭിപ്രായം സർക്കാർ സുപ്രീംകോടതിയിൽ നിന്ന് സമ്പാദിച്ചു. പക്ഷേ, സ്വകാര്യതക്കുമേൽ കടന്നുകയറുന്നതിനാൽ ആധാർ നിയമത്തിലെ വിവിധ വകുപ്പുകൾ റദ്ദാക്കിയത് വലിയ തിരിച്ചടിയായി.
സർക്കാറിെൻറ ആനുകൂല്യം നേടുന്നവർക്കു മാത്രമായി ആധാർ പരിമിതപ്പെടുത്തുന്നു എന്നതാണ് സുപ്രീംകോടതി വിധിയുടെ അന്തഃസത്ത. സ്വകാര്യ ടെലികോം കമ്പനികൾക്കും മറ്റും കൈമാറിക്കൊടുത്ത വ്യക്തിവിവരങ്ങൾ നശിപ്പിക്കണമെന്ന കോടതി നിർദേശം സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇങ്ങനെ പുറത്തേക്കുപോയ ഡാറ്റ കോടതി നിർദേശ പ്രകാരം നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഒട്ടും എളുപ്പമല്ല. അതുമൂലം, ചോർന്നുപോയ രേഖയായി ആധാർ വിവരങ്ങൾ തുടരും.
കോടതി വിധി പ്രകാരം ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതില്ല. ആനുകൂല്യം പറ്റണമെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാതെ വയ്യ. പാനും ആധാറുമായി ബന്ധിപ്പിക്കണം. പാനും ബാങ്ക് അക്കൗണ്ടുമായി ബന്ധിച്ചു കിടക്കുന്നു. ഇങ്ങനെ പ്രായോഗിക തലത്തിൽ നിരവധി പൊരുത്തക്കേടുകൾ വിധി ബാക്കിവെക്കുന്നു.
ആധാർ നിയമം പാസാക്കിയ വളഞ്ഞവഴി സർക്കാറിനെ കൂടുതൽ വേട്ടയാടും. പണബില്ലായി ആധാർ ബിൽ അവതരിപ്പിച്ച് പാസാക്കിയത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന സുപ്രീംകോടതി നിരീക്ഷണം സർക്കാറിനെ മാത്രമല്ല, ലോക്സഭ സ്പീക്കറെയും പ്രതിക്കൂട്ടിലാക്കി. സർക്കാറിെൻറ ആഗ്രഹത്തിനപ്പുറം, കൊണ്ടുവരുന്ന ബിൽ പണബില്ലാണോ എന്ന വിധിയെഴുത്തു നടത്തുന്നത് ലോക്സഭ സ്പീക്കറാണ്.
ആധാർ ബില്ലിനെ പണബില്ലായി പാർലമെൻറിൽ എത്തിച്ചത്, സർക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ മറികടക്കാൻ കണ്ടുപിടിച്ച ഉപായമായിരുന്നു. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്സഭയിൽ അനായാസം ബിൽ പാസാക്കി. പണബിൽ രാജ്യസഭക്ക് കുടുക്കിയിടാൻ പറ്റില്ലെന്ന യാഥാർഥ്യമാണ് സർക്കാർ അവസരോചിതം പ്രയോജനപ്പെടുത്തിയത്. രാജ്യസഭ മുന്നോട്ടുവെച്ച ഭേദഗതികൾ ഒന്നും അംഗീകരിക്കാതെയാണ് പാസാക്കിയത്.
പണബില്ലായി ലോക്സഭയിൽ അംഗീകരിച്ചതിനെതിരെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏഴംഗ ബെഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യുമെന്ന് നിയമജ്ഞൻ കൂടിയായ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ആധാർ പണിതീരാത്ത പദ്ധതിയായി തുടരുമെന്ന് മുൻധനമന്ത്രി പി. ചിദംബരം വിലയിരുത്തുന്നു.
ആധാർ എന്ന ആശയം അംഗീകരിക്കപ്പെട്ടുവെന്ന സന്തോഷം പങ്കുവെച്ച് അഞ്ചംഗ ബെഞ്ചിെൻറ ഭൂരിപക്ഷ വിധിക്കൊപ്പമാണ് ബി.ജെ.പിയും സർക്കാറും. യു.പി.എ സർക്കാർ വിഭാവനം ചെയ്ത രൂപത്തിലേക്ക് ആധാറിെൻറ അന്തഃസത്ത തിരിച്ചു കൊണ്ടുവരുന്നതാണ് വിയോജന വിധിയെന്ന വാദത്തോടെ ജസ്റ്റിസ് ചന്ദ്രചൂഡിെൻറ വിധിക്കൊപ്പമാണ് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.