പാസ്പോര്‍ട്ടിന് ജനന, വിവാഹ സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍  ഉദാരമാക്കി  കേന്ദ്രം പാസ്പോര്‍ട്ട് ചട്ടം പുതുക്കി.  1989 ജനുവരി 26നു ശേഷം ജനിച്ചവര്‍ക്കും പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. പങ്കാളിയുടെ പേര് പാസ്പോര്‍ട്ടില്‍ ചേര്‍ക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന വ്യവസ്ഥയും റദ്ദാക്കി.  പാസ്പോര്‍ട്ട് അപേക്ഷയില്‍ മാതാവിന്‍െറയും പിതാവിന്‍െറയും പേര് ചേര്‍ക്കണമെന്ന നിര്‍ബന്ധ വ്യവസ്ഥയും ഒഴിവാക്കി.  മാതാപിതാക്കളില്‍ ഒരാളുടെ പേരുമാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. 

രേഖകള്‍  അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. നോട്ടറി, മജിസ്ട്രേറ്റ് എന്നിവര്‍ അറ്റസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ റദ്ദാക്കി.  പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് നിരവധി പരാതി കള്‍ വനിത ശിശുക്ഷേ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മന്ത്രിതല ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പാസ്പോര്‍ട്ട് ചട്ടം ഉദാരമാക്കിയത്.  കാലം ആവശ്യപ്പെടുന്ന മാറ്റമാണിതെന്നും പാസ്പോര്‍ട്ട് നേടുകയെന്നത് ഇനി സുതാര്യവും എളുപ്പവുമാണെന്നും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.കെ. സിങ് പറഞ്ഞു.  

 പുതുക്കിയ വ്യവസ്ഥകള്‍: ജനന സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര്‍ സ്കൂള്‍ ടി.സി, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍, ഗവ. ഉദ്യോഗസ്ഥനാണെങ്കില്‍ സര്‍വിസ് ബുക്ക് പകര്‍പ്പ്, പെന്‍ഷന്‍കാരനാണെങ്കില്‍  പെന്‍ഷന്‍ ഓര്‍ഡറിന്‍െറ പകര്‍പ്പ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പബ്ളിക് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നെടുത്ത പോളിസി രേഖ എന്നിവയിലൊന്ന് നല്‍കിയാല്‍ മതിയാകും.  

വിവാഹമോചിതരുടെ അല്ളെങ്കില്‍  വേര്‍പിരിഞ്ഞു താമസിക്കുന്നവരുടെ മൈനറായ മക്കളുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍ മാതാവും പിതാവും ഒപ്പുവെക്കേണ്ടതില്ല. പകരം, ഒരാള്‍ക്ക് മാത്രമായി അപേക്ഷ നല്‍കാം. പങ്കാളിയുടെ ഒപ്പ് എന്തുകൊണ്ട് ലഭ്യമല്ളെന്ന് വിശദീകരിക്കുന്ന ‘അനക്ചര്‍ -ജി’ അപേക്ഷക്കൊപ്പം പൂരിപ്പിച്ച് നല്‍കണം. വിവാഹമോചിതരോ, വേര്‍പിരിഞ്ഞു താമസിക്കുന്നവരോ ആയവര്‍ പാസ്പോര്‍ട്ട് അപേക്ഷയില്‍ പങ്കാളിയുടെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല. വിവാഹമോചന ഉടമ്പടിയുടെ പകര്‍പ്പും ഹാജരാക്കേണ്ട.വിവാഹേതര ബന്ധത്തില്‍ പിറന്ന കുട്ടിയുടെ പാസ്പോര്‍ട്ട് അപേക്ഷക്കൊപ്പം അതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രതിപാദിക്കുന്ന ‘അനുബന്ധം -ജി’  ഫോറം കൂടി പൂരിപ്പിച്ച് നല്‍കണം. 

അനാഥരായ കുട്ടികളുടെ  ജനന തിയതി  തെളിവായി അനാഥാലയം മേധാവി നല്‍കുന്ന സാക്ഷ്യപത്രം സ്വീകരിക്കും. ജനന സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കൈവശമില്ലാത്ത സാഹചര്യത്തിലാവും  ഈ ആനുകൂല്യം. ഗവ. ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍നിന്ന് എന്‍.ഒ.സി ലഭിക്കാന്‍ കാലതാമസം ഉണ്ടാവുകയാണെങ്കില്‍ വെള്ളക്കടലാസില്‍ തയാറാക്കിയ സത്യവാങ്മൂലം നല്‍കിയാല്‍ മതി.  പാസ്പോര്‍ട്ടില്‍  മാതാപിതാക്കളുടെ സ്ഥാനത്ത് ഗുരുവിന്‍െറ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന സന്യാസിമാര്‍ക്കും സ്വാമിമാര്‍ക്കും അതിന് അനുവദിക്കും. അതിനായി മാതാപിതാക്കളുടെ സ്ഥാനത്ത് ഗുരുവിന്‍െറ  പേര് ചേര്‍ത്ത പാന്‍, ആധാര്‍ തുടങ്ങിയ ഏതെങ്കിലൂം സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. 

Tags:    
News Summary - aadhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.