ഭീഷണി: പന്നുവിനെ എന്തുകൊണ്ട് കാനഡ അറസ്റ്റ് ചെയ്യുന്നില്ല; വിമർശനവുമായി ആകാശ് ചോപ്ര

ന്യൂഡൽഹി: സിഖ് വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിന്‍റെ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ദിവസത്തെ ഭീഷണിക്കെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. പന്നുവിനെ എന്തു കൊണ്ട് കാനഡ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആകാശ് ചോപ്ര എക്സിലെ പോസ്റ്റിലൂടെ ചോദിച്ചു.

ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകൾക്ക് ജീവൻ അപകടത്തിലാകുമെന്നായിരുന്നു സിഖ് വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിന്‍റെ ഭീഷണി സന്ദേശം. നവംബർ 19ന് ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ പന്നു ഭീഷണപ്പെടുത്തി.

''നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് സിഖ് ജനതയോട് ആവശ്യപ്പെടുകയാണ്. ആഗോള ഉപരോധം ഉണ്ടാകും. എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും'' -പന്നു പറയുന്നു. ഇന്ദിര ഗാന്ധി വിമാനത്താവളത്തിന്‍റെ പേര് മാറ്റുമെന്നും പന്നു ഭീഷണി സന്ദേശത്തിൽ അവകാശപ്പെട്ടു.

ഒക്ടോബർ 14ന് നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരെ ഗുർപത്‍വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്ന് പന്നുവിനെതിരെ കേസെടുത്തു. നിരവധി ഭീഷണി കോളുകൾ വരുന്നുവെന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അഹമ്മദാബാദ് പൊലീസ് കേസെടുത്തത്.

'ലോകകപ്പല്ല ഇന്ത്യയിൽ നടക്കുന്നത്. ലോക തീവ്രവാദി കപ്പാണ് രാജ്യത്ത് തുടങ്ങാൻ പോകുന്നത്. രക്തസാക്ഷി ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ തങ്ങൾ പകരം ചോദിക്കും'-എന്നായിരുന്നു ഭീഷണി സ​ന്ദേശം.

2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുർപത്‍വന്ത് സിങ് പന്നു. 2019ലാണ് പന്നുവിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻ.ഐ.എ കോടതി പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Tags:    
News Summary - Aakash Chopra reacts as Gurpatwant Singh Pannun warns Air India passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.