ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ ബി.ജെ.പി ബന്ധമുള്ള ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്ത്. ഇ.ഡിയും സി.ബി.ഐയും ജയിലിലാക്കിയിട്ടും കെജ്രിവാളിനെ ഒന്നും ചെയ്യാനായില്ല. ജയിലിൽ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. ഇപ്പോൾ ബി.ജെ.പിക്കാർ നേരിട്ട് ആക്രമിക്കുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബി.ജെ.പി ആയിരിക്കുമെന്നും ഭരദ്വാജ് എക്സിൽ കുറിച്ചു.
വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിൽ പദയാത്രക്കിടെ കെജ്രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ബിജെപി ഗുണ്ടകളെ ഡൽഹി പൊലീസ് തടഞ്ഞതായും പാർട്ടി പറയുന്നു. സംഭവത്തിൽ ബി.ജെ.പിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
അതേസമയം വികാസ്പുരിയിലെ പൊതുയോഗത്തിൽ കെജ്രിവാൾ ബി.ജെ.പിയെ കടന്നാക്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്താൽ ഡൽഹിയിൽ പവർകട്ടായിരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. ഉത്തർപ്രദേശിലും ബിഹാറിലും 8–10 മണിക്കൂറാണ് പവർകട്ട്. ഡൽഹിയിൽ വൈദ്യുതി സൗജന്യമാണ്. ഉത്തർപ്രദേശിലും രാജസ്ഥാനിലും ബിഹാറിലും വൈദ്യുതിക്ക് വില കൂടുതലാണെന്നും കെജ്രിവാൾ ചൂണ്ടിക്കാണിച്ചു.
അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പിലാണ് എ.എ.പി. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായശേഷം മുഖ്യമന്ത്രിപദം രാജിവെച്ച കെജ്രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. വെള്ളത്തിനുള്ള ബില്ലായി ജനങ്ങൾക്ക് വലിയ തുകയാണ് ലഭിക്കുന്നതെന്നും തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ ബില്ലുകൾ ഒഴിവാക്കുമെന്നും കെജ്രിവാൾ യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.