പഞ്ചാബിൽ ആപ് ഭരണം തുടങ്ങി; 122 രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു

പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ ഡി.ജി.പി വി.കെ. ഭാവ്രയെ കണ്ടതിന് തൊട്ടുപിന്നാലെ 122 രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിച്ചു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സെക്യൂരിറ്റി) സംസ്ഥാനത്തെ എസ്എസ്പിമാർക്കും സിപിമാർക്കും അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ സർക്കാരിന്റെ കാലത്ത് സുരക്ഷ ലഭിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്. ഇത്തവണയും വിജയിച്ച കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുടെ പേരുകളും പട്ടികയിലുണ്ട്.

മൻപ്രീത് സിങ് ബാദൽ, രാജ് കുമാർ വെർക, ഭരത് ഭൂഷൺ ആഷു, രൺദീപ് സിംഗ് നാഭ, മുൻ ഡെപ്യൂട്ടി സ്പീക്കർ അജയ്ബ് സിങ് ഭാട്ടി, വിധാൻ സഭ മുൻ സ്പീക്കർ റാണ കെ പി സിങ്, റസിയ സുൽത്താന, പർഗത് സിങ്, അമരീന്ദർ സിങ് രാജ, അരുണ ചൗധരി, റാണ ഗുർജീത് സിങ്, ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ, സുഖ്ബിന്ദർ സിങ് സർക്കാരിയ തുടങ്ങിയവരുടെ പേര് ലിസ്റ്റിലുണ്ട്.

മുൻ ഗതാഗത മന്ത്രി അമരീന്ദർ സിങ് രാജയുടെ 21 ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്. മന്ത്രി ഇത്തവണയും എംഎല്‍എയായി ജയിച്ചിട്ടുണ്ട്. മുൻ ധനമന്ത്രി മൻപ്രീത് ബാദലിന്റെ സുരക്ഷയിൽ നിന്ന് 19 ഉദ്യോഗസ്ഥരെ പിൻവലിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പർഗത് സിങിന്‍റെ 17 സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചു. മുൻ മന്ത്രിമാരായ ബ്രഹ്മ മൊഹീന്ദ്ര, റസിയ സുൽത്താന, അരുണ ചൗധരി, റാണാ ഗുർജീത് സിങ്, ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ, സുഖ്ബിന്ദർ സിങ് സർക്കരിയ എന്നിവരുടെ 14 സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചു. കോണ്‍ഗ്രസിന്‍റെ പഞ്ചാബിലെ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിന്റെ പേരും പട്ടികയിൽ ഉൾപ്പെടുന്നു. അവരുടെ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്.

പ‌ഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മൻ മാർച്ച് പതിനാറാം തീയതി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിന് ആം ആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാളുമുണ്ടാകും. മാർച്ച് 13ന് അമൃത്സറിൽ വൻ റോഡ് ഷോയാണ് ആപ്പ് നടത്താൻ പോകുന്നത്. ഈ റോഡ് ഷോയിലും അരവിന്ദ് കെജ്‍രിവാൾ പങ്കെടുക്കും. തന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല പകരം ഭഗത് സിംഗിന്റെ ഗ്രാമത്തിൽ വെച്ചായിരിക്കുമെന്നുമെന്ന പ്രഖ്യാപനം ഭഗവന്ത് മാൻ കഴിഞ്ഞ ദിവസം തന്നെ നടത്തിയിരുന്നു. 

Tags:    
News Summary - AAP begins rule in Punjab; Security of 122 politicians withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.