ന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജാലിെൻറ ഒാഫിസ് വെയ്റ്റിങ് റൂമിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്നു മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പു സമരത്തിനുനേരെ ഇതുവരെ കേന്ദ്രം കണ്ണടച്ചുനിൽക്കുകയായിരുന്നു. ഗവർണർക്കെതിരെ മുഖ്യമന്ത്രി ഇത്തരമൊരു സമരം നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യം.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി കെജ്രിവാളും മൂന്നു മന്ത്രിമാരും ഗവർണറുടെ ഒാഫിസിലെത്തിയത്. എന്നാൽ, ചർച്ചക്കുപോലും അവസരം നൽകാതെ വന്നതോടെയാണ് നാലു പേരും വെയ്റ്റിങ് റൂമിൽ സമരം തുടങ്ങിയത്. ഇതോടെ ഗവർണർ പ്രവർത്തനം സ്വന്തം വസതിയിലേക്കു മാറ്റി. ആം ആദ്മി പാർട്ടി സമരം പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്. ഗവർണറുടെ ഒാഫിസിനു ചുറ്റും വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഞായറാഴ്ച പ്രകടനം നടത്തുമെന്ന് എ.എ.പി പ്രഖ്യാപിച്ചു.
ഒരു െഎ.എ.എസ് ഒാഫിസറെ ആം ആദ്മി പാർട്ടി എം.എൽ.എ കൈയേറ്റം ചെയ്ത സംഭവത്തിനു ശേഷം മൂന്നു മാസമായി സംസ്ഥാന സർക്കാറുമായി സിവിൽ സർവിസസ് ഉദ്യോഗസ്ഥർ നിസ്സഹകരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും സംഘവും പ്രതിഷേധം തുടങ്ങിയത്. റേഷൻ വീട്ടുപടിക്കൽ എത്തിച്ചുനൽകാനുള്ള എ.എ.പി സർക്കാറിെൻറ പദ്ധതിക്ക് ഗവർണർ അംഗീകാരം നൽകാത്തതും പ്രതിഷേധ വിഷയമാണ്. ഗവർണറുടെ വെയ്റ്റിങ് റൂമിൽ കഴിയുന്ന മുഖ്യമന്ത്രി അടക്കമുള്ള നാലുപേരിൽ രണ്ടു മന്ത്രിമാർ നിരാഹാരത്തിലാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി നിരാഹാരം തുടങ്ങിയത്. തങ്ങളെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചാൽ ജലപാനവും ഉപേക്ഷിക്കുമെന്ന് ഉപമുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
സിവിൽ സർവിസസ് ഉദ്യോഗസ്ഥർ സമരം നടത്തുന്നില്ലെന്നാണ് െഎ.എ.എസ് ഒാഫിസർമാർ വാദിക്കുന്നത്. എന്നാൽ, താൻ വിളിക്കുന്ന യോഗത്തിന് െഎ.എ.എസ് ഒാഫിസർമാർ എത്തുന്നില്ലെന്നിരിക്കേ, ജനകീയ വിഷയങ്ങൾ പരിഹരിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ ചോദിച്ചു. ലഫ്. ഗവർണറോ പ്രധാനമന്ത്രിയോ െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാത്തതാണ് പ്രശ്നം. സമരത്തെ കേന്ദ്രം പ്രോത്സാഹിപ്പിക്കുകയാണ്. ഡൽഹിയിൽ ഫലത്തിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. മോദിയെ ഡൽഹി തെരഞ്ഞെടുപ്പിൽ മുട്ടുകുത്തിച്ചതിെൻറ ശിക്ഷയാണ് കെജ്രിവാൾ ഏറ്റുവാങ്ങുന്നതെന്ന് ബി.ജെ.പി വിട്ട മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ കുറ്റപ്പെടുത്തി.
ഡൽഹിയിലെ പ്രതിസന്ധി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്. െഎ.എ.എസുകാരുടെ ശീതസമരം അവസാനിപ്പിക്കാൻ ലഫ്. ഗവർണർ നിർദേശിക്കണമെന്നാണ് കോടതിക്കു മുമ്പാകെ എത്തിയിട്ടുള്ള ഒരു ഹരജി. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ ഒാഫിസിൽ നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.