കോൺഗ്രസിന് വമ്പൻ തിരിച്ചടി നേരിട്ട അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ദേശീയരാഷ്ട്രീയത്തിൽ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് പഞ്ചാബിലെ ആപിന്റെ തേരോട്ടം. ഡൽഹിയിൽ നേടിയ വൻ വിജയത്തിന്റെ തനിയാവർത്തനമാണ് പഞ്ചാബ് ആപിന് സമ്മാനിച്ചത്. ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസിനുള്ള സ്വാഭാവിക ദേശീയ ബദലാണ് ആം ആദ്മി പാർട്ടി എന്നാണ് ഒന്നരവർഷമായി പഞ്ചാബിൽ ആപിന്റെ വിജയത്തിന് പണിയെടുത്ത രാഘവ് ഛദ്ദ വൻവിജയത്തിന് ശേഷം നടത്തിയ ആദ്യ പ്രതികരണം.
നരേന്ദ്ര മോദിയെ ദേശീയ നേതാവാക്കാൻ ബി.ജെ.പി ഉപയോഗിച്ച 'ഗുജറാത്ത് മോഡലി'ന് പകരം അരവിന്ദ് കെജ്രിവാളിന്റെ 'ഡൽഹി മോഡൽ' അവതരിപ്പിച്ച് വികസന നായക സ്ഥാനത്തിലുടെ അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താനാണ് ആപിന്റെ ശ്രമം. കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച് പാർട്ടിയുടെ പ്രവർത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് ആപിന്റെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ നടത്തിയ ആദ്യ പ്രഖ്യാപനം.
ഡൽഹിയിൽനിന്ന് വ്യത്യസ്തമായി പൂർണ അധികാരങ്ങളുള്ള ഒരു സംസ്ഥാനം കൈയിൽ കിട്ടിയാൽ തങ്ങൾ എന്തു ചെയ്യുമെന്ന് കാണിക്കാൻ ആപിന് ഇതുവഴി കഴിയും. അകാലിദളിന്റെയും കോൺഗ്രസിന്റെയും അഴിമതിയിൽ മടുത്ത് മാറ്റത്തിനായി കൊതിച്ച പഞ്ചാബികളുടെ പ്രതീക്ഷക്ക് ഒത്തുയരാൻ ആപിന് കഴിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം. പഞ്ചാബിന്റെ ഏറ്റവും വലിയ പ്രശ്നമായ മയക്കുമരുന്നിനോട് ആപ് സ്വീകരിക്കുന്ന സമീപനവും വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ അവർ വാഗ്ദാനം ചെയ്ത സൗജന്യങ്ങളും ഉറ്റുനോക്കുകയാണ് പഞ്ചാബികൾ.
അഴിമതിക്കെതിരായ പോരാട്ടവും ജനക്ഷേമ പരിപാടികളും തെരഞ്ഞെടുപ്പ് വിഷയമാക്കാനും കോൺഗ്രസിനേക്കാൾ നന്നായി മൃദുഹിന്ദുത്വം പയറ്റാനും കഴിയുമെന്നതിനാൽ ബി.ജെ.പിക്ക് പകരമാര് എന്ന ഭൂരിപക്ഷ വോട്ടുബാങ്കിന്റെ ചോദ്യത്തിന് ആം ആദ്മി പാർട്ടി എന്ന ഉത്തരം നൽകാനും അരവിന്ദ് കെജ്രിവാളിന് കഴിയും. ബി.ജെ.പിയുടെ ബി ടീമാണ് ആപ് എന്ന കോൺഗ്രസ് പ്രചാരണം സിഖ് ന്യൂനപക്ഷത്തിന് മേധാവിത്വമുള്ള പഞ്ചാബിൽ ഏശാതിരുന്നത് ആപിന് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.