ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കു മത്സരിക്കുമെന്നും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ആം ആദ്മി പാർട്ടി. ഹരിയാനയിൽ സഖ്യമില്ലാതെ അമിത ആത്മവിശ്വാസത്തോടെ ഒറ്റക്കു മത്സരിച്ചതാണ് കോൺഗ്രസിന് വിനയായതെന്നും എ.എ.പി വിമർശിച്ചു.
'അമിത ആത്മവിശ്വാസം പുലർത്തുന്ന' കോൺഗ്രസിനെയും 'അഹങ്കാരികളായ' ബി.ജെ.പിയെയും നേരിടാൻ ഡൽഹിയിൽ എ.എ.പിക്ക് സ്വന്തം നിലക്ക് കഴിയുമെന്ന് പാർട്ടി വക്താവ് പ്രിയങ്ക കാക്കാർ വ്യക്തമാക്കി. സഖ്യകക്ഷികളെ കോൺഗ്രസ് വിലമതിക്കുന്നില്ലെന്നും അമിതമായ ആത്മവിശ്വാസം നല്ലതല്ലെന്നതിന് വ്യക്തമായ തെളിവാണ് ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയമെന്നും അവർ കുറ്റപ്പെടുത്തി.
10 വർഷമായി കോൺഗ്രസിന് ഡൽഹിയിൽ ഒറ്റ സീറ്റ് പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എ.എ.പി മൂന്ന് സീറ്റുകൾ നൽകി. ഇപ്പോഴും സഖ്യകക്ഷികളുടെ വില അവർക്ക് മനസിലാക്കാൻ സാധിച്ചിട്ടില്ല. ഹരിയാനയിൽ സഖ്യം ചേർന്ന് മത്സരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്റെ ശ്രമങ്ങൾ കോൺഗ്രസ് നിഷ്പ്രഭമാക്കി. അതിനാൽ ഡൽഹിയിൽ അവരുമൊത്ത് സഖ്യമുണ്ടാക്കാൻ ഒട്ടും താൽപര്യമില്ല.-എ.എ.പി വക്താവ് പറഞ്ഞു. 10 ലോക്സഭ സീറ്റുകളുള്ള ഹരിയാനയിൽ എ.എ.പിക്കൊപ്പം ചേർന്നാണ് കോൺഗ്രസ് മത്സരിച്ചത്. കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിക്കുകയും ചെയ്തു.
ഹരിയാനയിൽ 48 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. കോൺഗ്രസ് 37 മണ്ഡലങ്ങളിൽ ജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.