റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിവന്നിരുന്ന ഇടക്കാല സംരക്ഷണം നീട്ടി ബോംബെ ഹൈക്കോടതി. മാർച്ച് 10ന് ഹാജരാകാൻ ഗോസ്വാമിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹരജിയിലാണ് മാർച്ച് 16 വരെ ഹാജരാകേണ്ടതില്ലെന്ന് കോടതി പറഞ്ഞത്. കോവിഡ് പ്രമാണിച്ചാണ് ഇളവ് നൽകിയിരിക്കുന്നത്. ഇന്‍റീരിയർ ഡിസൈനർ അൻവയ് നായികിേന്റയും അമ്മ കുമുദ് നായികിേന്റയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് നിയമനടപടികൾ നേരിടുന്നത്.
2018 മെയ് മാസത്തിൽ അലിബാഗിലെ വീട്ടിലായിരുന്നു ഇരുവരുടേയും മരണം. അൻവയ് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചതാണ് അർണബിനെ വെട്ടിലാക്കിയത്. സംഭവത്തിൽ ഗോസ്വാമി, ഫിറോസ് ഷെയ്ഖ്, നിതീഷ് സർദ എന്നിവരെ നവംബർ നാലിന് അറസ്റ്റ് ചെയ്തു. ഗോസ്വാമിയുടെ ചാനലും ഷെയ്ഖിന്‍റെയും സർദയുടെയും കമ്പനികളും അൻവയിന് വൻതോതിൽ പണം നൽകാനുണ്ടായിരുന്നു. കടംകയറിയ അൻവയ് ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു.
കേസിൽ 50,000 രൂപ വീതം ബോണ്ടായി സ്വീകരിച്ച് ഗോസ്വാമിയെയും മറ്റ് പ്രതികളെയും ഇടക്കാല ജാമ്യത്തിൽ വിടാൻ സുപ്രീം കോടതി നവംബർ 11ന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ എസ്. എസ്. ഷിൻഡെ, മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
അന്വേഷണവുമായി സഹകരിക്കാൻ പ്രതികൾ സന്നദ്ധരാണെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് കോടതി അവർക്ക് ജാമ്യം നൽകിയത്. എന്നാൽ മഹാരാഷ്ട്രയിലെ കോവിഡ് -19 സാഹചര്യം കാരണം ഗോസ്വാമിക്ക് അലിബാഗിലെ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.