ന്യൂഡല്‍ഹി: കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടാവുമെന്നതിനാല്‍ 26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു ജീവനാണ് കൈയിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെയും എല്‍.എന്‍. റാവുവും അടങ്ങിയ ബെഞ്ച് ഗര്‍ഭഛിദ്ര അനുമതി നിഷേധിച്ചത്. മാതാവിനും ഗര്‍ഭസ്ഥ ശിശുവിനും അപകടസാധ്യതയുണ്ടെങ്കില്‍പോലും 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമായാല്‍ ഗര്‍ഭഛിദ്രത്തിന് നിയമം അനുമതി നല്‍കുന്നില്ല.
മുംബൈയില്‍നിന്നുള്ള 37കാരിയാണ് കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടാവുമെന്നതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലെ വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ബോര്‍ഡിന് രൂപംനല്‍കിയിരുന്നു.
ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരായിരിക്കുമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കാന്‍ അത് പര്യാപ്തമല്ളെന്നാണ് കോടതി വ്യക്തമാക്കിയത്. നേരത്തേ മറ്റു രണ്ടു കേസുകളില്‍ 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. മാതാവിന്‍െറ ജീവന് അപകടസാധ്യതയുള്ളതിനാലും ഗര്‍ഭസ്ഥശിശുവിന് തലയോട്ടി ഇല്ളെന്നതിനാലുമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.