ന്യൂഡൽഹി: സർവകലാശാല ധനസഹായ കമീഷൻ (യു.ജി.സി) നിർത്തലാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ എ.ബി.വി.പി രംഗത്ത്. വർഷകാല സമ്മേളനത്തിൽ പാർലമെൻറിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടയിലാണ് ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയും രംഗത്തുവന്നത്.
ഉന്നത വിദ്യാഭ്യാസ കമീഷൻ കൊണ്ടുവരാനുള്ള നീക്കം ധിറുതിപിടിച്ചുള്ള തീരുമാനമായെന്ന് എ.ബി.വി.പി കുറ്റപ്പെടുത്തി. പുതിയ ദേശീയ വിദ്യാഭ്യാസ നയം അവസാനഘട്ടത്തിലാണ്. അതിനിടയിലാണ് പുതിയ കമീഷൻ വരുന്നത്. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരം സ്വാഗതം ചെയ്യുന്നു. എന്നാൽ, വേണ്ടത്ര സമയം നൽകാതെയാണ് ഉന്നത വിദ്യാഭ്യാസ കമീഷൻ നടപ്പിലാക്കുന്നതെന്നും എ.ബി.വി.പി േദശീയ ജനറൽ സെക്രട്ടറി ആഷിഷ് ചൗഹാൻ പറഞ്ഞു.
തമിഴ്നാട്, പോണ്ടിച്ചേരി സർക്കാറുകളും യു.ജി.സി നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തുവന്നു. സാമ്പത്തിക സ്രോതസ്സ് എന്ന നിലയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും നിലവിൽ യു.ജി.സിയുടെ പ്രവർത്തനം തൃപ്തികരമാണ്. യു.ജി.സിക്ക് പകരം മറ്റൊരു കമീഷെൻറ ആവശ്യമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. നേരത്തേ, കോൺഗ്രസ്, സി.പി.എം അടക്കമുള്ള പാർട്ടികളും വിമർശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.