കോയമ്പത്തൂർ: നഗരത്തിലെ കോടതി സമുച്ചയത്തിൽ യുവതിയുടെ ശരീരത്തിൽ ഭർത്താവ് ആസിഡ് ഒഴിച്ചു. പ്രതിയെ അഭിഭാഷകരും പൊലീസും ജനങ്ങളും ചേർന്ന് പിടികൂടി. കോയമ്പത്തൂർ സൂലൂർ കണ്ണംപാളയം മഹാലക്ഷ്മി നഗറിൽ താമസിക്കുന്ന പി. ശിവകുമാർ (40) ആണ് പ്രതി. കോയമ്പത്തൂർ രാമനാഥപുരം കാവേരി നഗർ എസ്. കവിത(33)യാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ശരീരമാസകലം രുതരമായി പൊളളലേറ്റ നിലയിൽ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കവിതയുടെ മീതെയാണ് ആസിഡ് ഒഴിച്ചത്. വേദന സഹിക്കാനാവാതെ കവിത നിലവിളിച്ച് ഓടി രണ്ടാം ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ പോയി വീഴുകയായിരുന്നു. വനിത അഭിഭാഷകയുടെ മീതെയും ആസിഡ് തെറിച്ചുവീണു. ഇവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മോഷണ കേസിൽ പ്രതി ചേർക്കപ്പെട്ട യുവതി വിചാരണ നടപടികൾക്കായി കാത്തിരിക്കവെയാണ് ആക്രമണം. കോയമ്പത്തൂർ നോർത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി.ചന്ദീഷ് കോടതി പരിസരം സന്ദർശിച്ചു.
ഒരാഴ്ച മുൻപ് വിടുവിട്ടിറങ്ങിയ കവിത ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രഭു എന്നയാളോടൊപ്പം താമസിച്ചുവരുകയായിരുന്നു. ലോറി ഡ്രൈവറായ ശിവകുമാർ ഭാര്യയെ അന്വേഷിക്കുന്നതിനിടെയാണ് അഭിഭാഷകനിൽനിന്ന് ഫോൺ വന്നത്. ഭാര്യയോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ പറയണമെന്നായിരുന്നു അഭിഭാഷകൻ അറിയിച്ചത്. ഭാര്യ കോടതിയിലെത്തുമെന്ന് ഉറപ്പായതോടെയാണ് ആസിഡ് ആക്രമണം നടത്താൻ ശിവകുമാർ തീരുമാനിച്ചത്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.