ന്യൂഡൽഹി: ഇസ്ലാമിന്‍റെ അവിഭാജ്യ ഘടകം അറിയാൻ മുസ്ലിംകൾക്ക് കോടതിയിൽ പോകേണ്ട കാര്യമില്ലെന്നും അതറിയാൻ മതപണ്ഡിതരുടെ അടുത്തേക്കാണ് പോകുകയെന്നും സാമൂഹിക പ്രവർത്തക ഖാലിദ അബ്ബ. ഹിജാബ് ഇസ്ലാമിന്‍റെ അവിഭാജ്യഘടകമാണോ എന്നറിയാനല്ല മുസ്ലിം പെൺകുട്ടികൾ ഹൈകോടതിയിൽ പോയത്. അതിനാൽ വിധിയിൽ നിരാശയും രോഷവുമുണ്ട് എന്നും അവർ കുട്ടിച്ചേർത്തു.
മുസ്ലിം വനിതാ ആക്ടിവിസ്റ്റുകളും വിദ്യാർഥികളും ന്യൂഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കർണാടക വിധിക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്.
ഹൈകോടതി വിധി സ്വീകാര്യമല്ല. അത് കൊണ്ടാണ് സുപ്രീംകോടതിയിൽ നിയമയുദ്ധത്തിന് വരുന്നത്. യൂനിഫോമിന് എതിരല്ല. എന്നാൽ യൂനിഫോം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളണം. കർണാടക ഹൈകോടതി വിധിയെ തുടർന്ന് രാജ്യത്തിന്‍റെ ഏത് ഭാഗത്തും ആൾകൂട്ട ആക്രമണം ഉണ്ടാകാവുന്ന സാഹചര്യം സൃഷ്ടിച്ചതിന് സർക്കാർ ആയിരിക്കും ഉത്തരവാദി. ഭരണഘടനയും ജനാധിപത്യവുമാണ് ഞങ്ങൾ സംസാരിക്കുന്നത്.
എന്നാൽ മാധ്യമങ്ങൾ കൊച്ചു കുട്ടികളെ പോലും പീഡിപ്പിക്കുകയാണെന്നും ചാനൽ ആങ്കർമാർ ജഡ്ജിമാർ ആകുകയാണെന്നും അവർ വിമർശിച്ചു. ഹിജാബിന്‍റെ പേരിൽ മുസ്ലിം സ്ത്രീകൾക്ക് നേരെ കർണാടകയിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആക്രമം നിയമപരമാക്കുകയാണ് ഹൈകോടതി ചെയ്തതെന്ന് വിദ്യാഭ്യാസ പ്രവർത്തക നബിയ ഖാൻ വിമർശിച്ചു. കർണാടകയിലെ മുസ്ലിം സ്ത്രീകൾ വേഷത്തിന്‍റെ കാര്യത്തിൽ അനുഭവിക്കുന്ന വിവേചനം പുതിയതല്ല എന്നാണ് ഇതേ കുറിച്ച് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നത്.
2009ൽ ബജ്റങ്ദൾ പരസ്യമായി ഹിജാബിനെതിരെ രംഗത്തുവന്നു തുടങ്ങിയിട്ടുണ്ട്. 2016ൽ മംഗലാപുരം ശ്രീനിവാസ് കോളജ് ഹിജാബ് വിലക്കിയത് മൂലം ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർഥികൾക്ക് പഠനം നിർത്തി വേറെ കോളജിലേക്ക് പോകേണ്ടി വന്നിരുന്നു. വിദ്യാർഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബാണോ വിദ്യാഭ്യാസമാണോ വേണ്ടത് എന്ന ചോദ്യം ഉയർത്തുമ്പോൾ രണ്ടും ഒരുമിച്ച് തന്നെ കൊണ്ടുപോകും എന്ന ഉത്തരമാണ് തങ്ങൾക്ക് നൽകാനുള്ളതെന്ന് വിദ്യാർഥി നേതാവ് സിംറ അൻസാരി വ്യക്തമാക്കി.
വിദ്യാഭ്യാസമാണോ അസ്തിത്വമാണോ വേണ്ടതെന്ന ചോദ്യത്തിന് പ്രസക്തിയില്ല. മുസ്ലിം സ്ത്രീകളെ അടിച്ചമർത്തലിൽ നിന്ന് മോചിപ്പിക്കണമെന്ന് പറയുന്നവർ അവർ പൊതു ഇടത്തിലേക്ക് വരുമ്പോൾ തിരിച്ചോടിക്കുകയാണ്. ഹൈകോടതി വിധി മുസ്ലിം വിദ്യർഥിനികളുടെ മനോബലം തകർക്കുന്നതാണെന്നും സ്ത്രീകളുടെ ഏജൻസി ചോദ്യം ചെയ്യുന്നതാണെന്നും ഹുമ മസീഹ് പറഞ്ഞു. ഹിജാബ് അണിഞ്ഞ മുസ്ലിം സ്ത്രീകൾക്ക് എതിരെ കർണാടകയിൽ കൈയേറ്റം നടന്നിട്ടു പോലും ഇടപെടാതിരുന്ന ദേശീയ വനിതാ കമീഷൻ വിവാദ വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. സുപ്രീംകോടതിതിൽ നീതി ലഭിക്കുമെന്ന വിശ്വാസം ഉണ്ട്.
രാജ്യത്തെ പല കാമ്പസുകളും ഈ വിധി പിന്തുടർന്നാൽ നിരവധി മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താകും എന്ന് ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർഥി ഹിബ വി പറഞ്ഞു. ഹിജാബിനെ മതേതരത്വത്തിന്‍റെയും മറുഭാഗത് നിർത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടന്നപ്പോൾ വേഷത്തിൽ നിന്ന് സമരക്കാരെ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഹിജാബ് ഉദേശിച്ചായിരുന്നുവെന്നും ഹിബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.