കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തം: സർക്കാറിനെതിരെ വിമർശനവുമായി സൂര്യ

ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയും, സംസ്ഥാനത്തിന്‍റെ മദ്യനയത്തെയും ഇതേക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളെ വിമർശിച്ചും നടൻ സൂര്യ. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് മദ്യനയം ചർച്ച ചെയ്യുന്നതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ നടൻ വിമർശിച്ചു.

തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ നിന്നുള്ള 150 രൂപയുടെ മദ്യത്തിന് അടിമകളായ ആളുകൾക്ക് അത് താങ്ങാൻ കഴിയാതെ വരുമ്പോൾ, അവർക്ക് 50 രൂപയുടെ വിഷ മദ്യം കഴിക്കേണ്ടി വരുന്നു. മദ്യാസക്തി ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, അത് ഓരോ കുടുംബത്തിന്‍റെയും മുഴുവൻ സമൂഹത്തിന്‍റെയും പ്രശ്‌നമാണെന്നും നമ്മൾ എപ്പോഴാണ് തിരിച്ചറിയാൻ പോകുന്നത്? മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് സർക്കാർ തന്നെ ഉടൻ അവസാനിപ്പിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. പുതുച്ചേരി ജിപ്മർ, കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി 90ലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ജിപ്മർ ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 16 പേരുടെ നില ഗുരുതരമാണ്.

കേസിൽ മുഖ്യപ്രതി ചിന്നദുരൈ എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. കടലൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി (49), ഭാര്യ വിജയ, സഹായി ദാമോദരൻ ഉൾപ്പെടെ നാലു പേർ ഇന്നലെ അറസ്റ്റിലായിരുന്നു.

Tags:    
News Summary - Actor Suriya REACTS To Tamil Nadu Hooch Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.