സി.എ.എ അംഗീകരിക്കാനാകില്ല, തമിഴ്നാട്ടിൽ നടപ്പാക്കരുത്; കേന്ദ്ര സർക്കാറിനെതിരെ നടൻ വിജയ്

ഗുവാഹത്തി: വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സി.എ.എ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ്. സി.എ.എ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

പാർട്ടി പ്രഖ്യാപിച്ചശേഷമുള്ള താരത്തിന്‍റെ ആദ്യത്തെ രാഷ്ട്രീയ പ്രതികരണമാണിത്. രാജ്യത്തെ എല്ലാ പൗരന്മാരും സൗഹാർദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പോലുള്ള ഒരു നിയമവും നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നടൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിയമം നടപ്പാക്കരുതെന്നും അദ്ദേഹം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് നേതാക്കൾ ഉറപ്പാക്കണമെന്നും നടന്‍റെ പത്രക്കുറിപ്പിൽ പറയുന്നു.

വ്യാപക എതിർപ്പുകൾക്കിടയിൽ നാലു വർഷം മുമ്പ് പാർലമെന്‍റിൽ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയിൽ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തിൽ വന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തിൽ പൗരത്വം നൽകുന്നതിന്‍റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.

Tags:    
News Summary - Actor Vijay urges Tamil Nadu to not implement CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.