തോമസിന്‍റെ നിയമനത്തിന് അദാനി കണക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് വിട്ട് സി.പി.എം നേതൃത്വവുമായി ചങ്ങാത്തം സ്ഥാപിച്ച കെ.വി. തോമസിന്‍റെ ഡൽഹി നിയമനത്തിന് അദാനി കണക്ഷൻ. പ്രമുഖ വ്യവസായി ഗൗതം അദാനിയുമായി കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് തോമസ് തുടങ്ങിവെച്ച സമ്പർക്കം കേന്ദ്രസർക്കാറുമായുള്ള പാലം ബലവത്താക്കുമെന്ന കണക്കു കൂട്ടലിലാണ് സംസ്ഥാന ഭരണ നേതൃത്വം.

സി.പി.എം പാർട്ടി കോൺഗ്രസ്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്നിവ വഴി സി.പി.എം പാളയത്തിലെത്തിയതിന്‍റെ പാരിതോഷികം മാത്രമല്ല ഡൽഹി ലാവണം. വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീർക്കുന്നതിന് ഗൗതം അദാനിയുമായുള്ള നീക്കുപോക്കു ചർച്ചകൾക്ക് കെ.വി. തോമസിനെ കളത്തിലിറക്കിയിരുന്നു. ലത്തീൻ സമുദായത്തെ പ്രീണിപ്പിക്കാൻ തോമസിന്‍റെ ഇടനില തുടർന്നും സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി സുഹൃത്തായ ഗൗതം അദാനിക്ക് വിഴിഞ്ഞത്തു മാത്രമല്ല, കേരളത്തിലെ പല പദ്ധതികളിലും പങ്കാളിത്തവും താൽപര്യവുമുണ്ട്. തിരുവനന്തപുരത്തിനുപുറമെ, സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച കോഴിക്കോട് വിമാനത്താവള നടത്തിപ്പും ഏറെ വൈകാതെ അദാനി ഗ്രൂപ്പിന്‍റെ കൈകളിലെത്തിയേക്കും. കൊച്ചി സിറ്റി ഗ്യാസ് പദ്ധതി ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെയും അദാനി ഗ്യാസിന്‍റെയും സംയുക്ത സംരംഭമാണ്. സർക്കാർ പിന്മാറിയ സിൽവർ ലൈൻ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് വ്യവസായ താൽപര്യമുണ്ടെന്ന സൂചനകൾ നേരത്തേ ഉയർന്നിരുന്നു.

കേരള ഹൗസിൽ കസേരവലി

കാബിനറ്റ് പദവിയിൽ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസ് എത്തുന്നത് കസേരവലിയുടെ അകമ്പടിയോടെ. ഇതേ പദവി വഹിച്ചിരുന്ന മുൻ എം.പി എ. സമ്പത്തിന്‍റെ കേരള ഹൗസിലെ മുറിയും കസേരയും ഇപ്പോൾ പ്രവാസികാര്യ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ കൈവശമാണ്. തോമസ് എത്തുമ്പോൾ ഒന്നുകിൽ അദ്ദേഹം അത് ഒഴിയണം. അതല്ലെങ്കിൽ മറ്റൊരു മുറി തോമസിന് ഒരുക്കണം.

കേരള ഹൗസിലെ പ്രധാന മന്ദിരമായ കൊച്ചിൻ ഹൗസിന്‍റെ ഒന്നാം നിലയിലുള്ള ഈ മുറി കാബിനറ്റ് പദവിയുള്ളയാൾക്കായി നിലനിർത്താനും വേണു രാജാമണിക്ക് മറ്റൊരു മുറി അനുവദിക്കാനുമാണ് സാധ്യത. ഗവർണർ, മുഖ്യമന്ത്രി എന്നിവർ ഡൽഹിയിൽ എത്തുമ്പോൾ താമസിക്കുന്നത് കൊച്ചിൻ ഹൗസിന്‍റെ താഴത്തെ നിലയിലാണ്. അവരുമായി കൂടുതൽ ഏകോപനം വേണ്ടിവരുന്നത് പ്രത്യേക പ്രതിനിധിക്കാണ്. പദവിയിലും മുന്നിൽ കെ.വി. തോമസാണ്.

ചീഫ് സെക്രട്ടറി റാങ്കും ഒരുവർഷ കരാറിൽ പാർട്ട്ടൈം നിയമനവുമാണ് മുൻ അംബാസഡർ വേണു രാജാമണിയുടേത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തിന് രണ്ടാം വർഷത്തേക്ക് കരാർ പുതുക്കിനൽകിയത്. കേരള സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡൽഹിയിൽ പ്രവർത്തിക്കുന്ന വേണു രാജാമണി ഡൽഹിയിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ അധ്യാപകനുമാണ്.

ചെലവു കോടികൾ; വെറും പാഴ്!

കെ.വി. തോമസിന് പുതിയ ലാവണം ഒരുക്കാൻ പ്രതിവർഷം കോടികൾ ചെലവിടേണ്ടിവരുന്നതല്ലാതെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെക്കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്ന് മുൻ അനുഭവം. കേരളത്തോട് കേന്ദ്രസർക്കാറിനുള്ള മനോഭാവം മാറ്റാനോ പ്രത്യേക പദ്ധതികൾ നേടിയെടുക്കാനോ കഴിയാതെ മുമ്പ് സമ്പത്തിന്‍റെ ഓഫിസ് വെള്ളാനയായി. കോവിഡ് അടക്കമുള്ള കാരണങ്ങളാൽ ബഹുഭൂരിപക്ഷം ദിവസങ്ങളിലും സമ്പത്ത് ഡൽഹി വിട്ട് കേരളത്തിലുമായിരുന്നു.

പ്രതിമാസം ലക്ഷത്തോളം രൂപ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ഓഫിസ്, കാറ്, അഞ്ചു ജീവനക്കാർ, ഔദ്യോഗിക വസതി, കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്നിവ കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധിക്ക് ലഭ്യമാണ്.

പുതിയ ബജറ്റിലൂടെ നികുതിഭാരം കൂട്ടാൻ ഒരുങ്ങുമ്പോൾ തന്നെയാണ് പ്രതിവർഷം നാലുകോടി രൂപയിൽ കുറയാത്ത തുക കെ.വി. തോമസിന്‍റെ പ്രവർത്തനങ്ങൾക്കായി സർക്കാർ മുടക്കുന്നത്. മുൻ കേന്ദ്രമന്ത്രിയെന്ന പദവി, അദാനി ബന്ധം എന്നിവയെല്ലാം വഴി ബി.ജെ.പിയുമായും കേന്ദ്ര ഭരണ നേതൃത്വവുമായും പാലമിടാൻ തോമസ് ഉപകരിക്കുമെന്ന് സംസ്ഥാന സർക്കാർ കരുതുന്നുണ്ടെങ്കിലും, രാഷ്ട്രീയ കാരണങ്ങൾ വിലങ്ങുതടിയാവും.

നയിക്കാൻ മൂന്നു പേർ; ഏകോപനം പല വഴി

കേന്ദ്രസർക്കാറുമായുള്ള ഏകോപനത്തിന് കേരളത്തിന് ഡൽഹിയിൽ ഇപ്പോൾ പ്രത്യേക ചുമതലക്കാർ മൂന്ന്. സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസ്, നയതന്ത്ര-പ്രവാസികാര്യ ഏകോപനത്തിന് വേണു രാജാമണി എന്നിവർക്കൊപ്പം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ റസിഡന്‍റ് കമീഷണറുമുണ്ട്. ജോൺ ബ്രിട്ടാസ് അടക്കം രാഷ്ട്രീയ ഏകോപനത്തിന് ഇടത് എം.പിമാർ പുറമെ.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ച ഏകോപിപ്പിച്ചതും ഒപ്പം പോയതും ചീഫ് സെക്രട്ടറി വി.പി. ജോയി മാത്രം.

കേന്ദ്രസർക്കാർ സമീപനങ്ങളെ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിലെ ഖമ്മത്തിൽ നിശിതമായി വിമർശിച്ചിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളോട് കേന്ദ്രത്തിനുള്ള സമീപനം പ്രത്യേക പ്രതിനിധി നിയമനത്തിൽ വിഷയമായില്ല. ഇടതുമുന്നണിയിൽ ചർച്ചയും ഉണ്ടായില്ല.

Tags:    
News Summary - Adani connection to Thomas' appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.