ന്യൂഡൽഹി: അദാനി തുറമുഖത്തിന് ഗുജറാത്ത് സർക്കാർ അനുവദിച്ച ഭൂമിയുടെ ഒരുഭാഗം തിരിച്ചുപിടിച്ച് ഗ്രാമീണര്‍ക്ക് വിട്ടുകൊടുക്കാനുള്ള ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ ഗുജറാത്ത് സർക്കാറിന് നോട്ടീസും അയച്ചു. മുന്ദ്ര തുറമുഖ പ്രത്യേക സാമ്പത്തിക മേഖല പദ്ധതിക്കാണ് 2005ല്‍ അദാനി ഗ്രൂപ്പിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കച്ചില്‍ വന്‍തോതില്‍ ഭൂമി വിട്ടുകൊടുത്തത്. ഇതിൽ 108 ഹെക്ടര്‍ (266 ഏക്കര്‍) തിരിച്ചു പിടിച്ച് കന്നുകാലികള്‍ക്ക് മേയാൻ മേഖലയിലെ ഗ്രാമീണർക്ക് വിട്ടുനൽകണമെന്നുമാണ് വിധി.
തങ്ങളുടെ വാദം ഉന്നയിക്കാന്‍ ഹൈകോടതിയില്‍ അവസരം ലഭിച്ചില്ലെന്ന് അദാനി കമ്പനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹത്ഗി വാദിച്ചത് കണക്കിലെടുത്താണ് ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ സ്റ്റേ.
ഗ്രാമീണരുടെ 13 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവിലാണ് ഭൂമി തിരിച്ചുപിടിക്കുന്ന ഹൈകോടതി വിധിയുണ്ടായത്. സമീപ ഗ്രാമമായ നവിനാളിലെ കർഷകർ കന്നുകാലികളെ മേയ്ച്ചിരുന്ന ഭൂമി 2010ൽ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ കമ്പനി വേലികെട്ടിത്തിരിക്കുകയായിരുന്നു. തുടർന്ന് 2011ല്‍ തങ്ങളുടെ ഉപജീവനം മുടക്കുന്ന രീതിയിൽ ഭൂമി വിട്ടുകൊടുത്തതിനെതിരെ ഗ്രാമീണര്‍ പൊതുതാല്പര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചു.
പ്രധാനമായും കന്നുകാലിവളർത്തലിൽ ഉപജീവനം കണ്ടെത്തുന്ന മേഖലയിൽ അദാനി ഗ്രൂപ്പിന് ഭൂമി വിട്ടുകൊടുത്തു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് 17 ഹെക്ടര്‍ മാത്രമാണെന്ന് കർഷകർ കോടതിയെ അറിയിച്ചു. ഗ്രാമത്തിലെ 732 കാലികള്‍ക്ക് മേയാന്‍ ചുരുങ്ങിയത് 130 ഹെക്ടര്‍ (320 ഏക്കര്‍) ഭൂമി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി നിലപാടിനെ തുടര്‍ന്ന് 387 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 85 ഹെക്ടര്‍ പഞ്ചായത്ത് ഭൂമിയും കാലി മേയ്ക്കാന്‍ വിട്ടുകൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും 10 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. തുടർന്ന് വീണ്ടും വിഷയം കോടതിയിലെത്തിയതോടെ അദാനിക്ക് വിട്ടുകൊടുത്തതില്‍ 108 ഹെക്ടര്‍ തിരിച്ചുപിടിക്കാനും 21 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൂടി അനുവദിക്കാനും കോടതി നിർദേശിക്കുകയായിരുന്നു.
ഉത്തരവ് നടപ്പാക്കിയെന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് പ്രണവ് ത്രിവേദി എന്നിവരുടെ ബെഞ്ച് സംസ്ഥാന റവന്യൂ വകുപ്പിനും കച്ച് കലക്ടര്‍ക്കും നിർദേശം നൽകിയിരുന്നു. തുടർന്ന് വിധിക്കെതിരെ അദാനി പോർട്സ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.