മമതയെ വിശ്വാസമില്ല, അവർ വീണ്ടും ബി.ജെ.പിയിലേക്ക് പോയാ​ലോ -അധീർ രഞ്ജൻ ചൗധരി

കൊൽക്കത്ത: ഇൻഡ്യ മുന്നണിയെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ​ലോക്സഭ തെരഞ്ഞെടുപ്പിൽ ​തൃണമൂൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അവർ ബി.ജെ.പിക്കൊപ്പം പോകാനാണ് സാധ്യതയെന്ന് ചൗധരി പറഞ്ഞു. മമതയെ വിശ്വാസമില്ല. പശ്ചിമ ബംഗാളിലെ കോൺഗ്രസുമായുള്ള സഖ്യം തകർത്തത് അവരാണെന്നും ചൗധരി പറഞ്ഞു.''എനിക്ക് അവരെ വിശ്വാസമില്ല. സഖ്യം ഉപേക്ഷിച്ച് അവർ ഓടിപ്പോയി. ബി.​ജെ.പിക്ക് അനുകൂലമായി ഫലം വന്നാൽ അവർ അവരുടെ കൂടെ പോകാൻ സാധ്യതയുണ്ട്.''-ചൗധരി പറഞ്ഞു.

പുറത്തുനിന്ന് പിന്തുണക്കുന്നു എന്നാൽ, ഇൻഡ്യ സഖ്യം വിജയിച്ച് സർക്കാർ രൂപീകരിക്കുന്ന സാഹചര്യം വന്നാൽ ആ സർക്കാരിൽ ചേരാതെ, സഖ്യകക്ഷികളായി തുടരുമെന്നാണ് മമത വിശദീകരിച്ചത്. ബില്ലുകൾ വരുമ്പോൾ ഇൻഡ്യ സഖ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

 ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത് താനാണ്. സഖ്യത്തിന് പേര് നൽകിയതും താനാണ്. പക്ഷേ, പശ്ചിമബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മമത ബാനർജി കുറ്റപ്പെടുത്തി. എണ്ണാൻ പോലും ആളില്ലാത്ത രീതിയിലേക്ക് ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും എത്തി. ഇവിടെ അവർ ഞങ്ങൾക്കൊപ്പമല്ല. ബി.ജെ.പിക്കൊപ്പം നിന്നാണ് ഇരു പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മമത ബാനർജി പറഞ്ഞു.

ബി.ജെ.പി 400 സീറ്റിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, അത് ഒരിക്കലും നടക്കാൻ പോവുന്നില്ല. രാജ്യത്തിന് മുഴുവൻ അറിയാം ബി.ജെ.പിയിൽ നിറയെ കള്ളൻമാരാണെന്ന്. ഇൻഡ്യ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ പുറത്ത് നിന്ന് പിന്തുണക്കും. ഞങ്ങളുടെ സഹോദരിമാർക്കും അമ്മമാർക്കും ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ വേണ്ടിയാണ് അത്. തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവർക്കും പ്രശ്നങ്ങളുണ്ടാവരുത്. ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ സി.എ.എ പിൻവലിക്കുമെന്നും മമത പറഞ്ഞു. എൻ.ആർ.സി രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കും. ഏകസിവിൽകോഡും നടപ്പിലാക്കില്ലെന്ന് മമത ബാനർജി കൂട്ടിച്ചേർത്തു.

Tags:    
News Summary - Adhir Ranjan On INDIA olive branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.