ന്യൂഡൽഹി: അഫ്ഗാനിസ്താന്റെ ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി. അഫ്ഗാനിസ്താനിൽ അഷ്റഫ് ഗനി ഭരണകൂടം തകരുകയും താലിബാൻ ഭരണം പിടിക്കുകയും ചെയ്ത 2021ലെ സാഹചര്യങ്ങൾക്ക് പിന്നാലെയാണിത്. കാബൂളിൽ ഇന്ത്യൻ എംബസി നേരത്തേ തന്നെ പൂട്ടിയിരുന്നു. കാരുണ്യ-രക്ഷാ പ്രവർത്തനങ്ങൾ മുൻനിർത്തി സാങ്കേതിക സംഘം മാത്രമാണ് അവിടെ പ്രവർത്തിക്കുന്നത്.
ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ അഷ്റഫ് ഗനി ഭരണകൂടം നിയോഗിച്ച അംബാസഡർ ഫരീദ് മാമുന്ദ്സെയ് നേരത്തേ സ്ഥലം വിട്ടിരുന്നു. ഭരണമാറ്റത്തിനൊത്ത് താലിബാൻ ഭരണകൂടത്തിന്റെ നയതന്ത്ര പ്രതിനിധിയെ അംഗീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഇന്ത്യ താൽപര്യം കാണിച്ചില്ല. എംബസി വളപ്പിൽ താലിബാൻ ഭരണകൂടത്തിന്റെ പതാക ഉയർത്താൻ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
വിവിധ രാജ്യങ്ങളിലെ 14 നയതന്ത്ര കാര്യാലയങ്ങൾ പിടിക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യയിലെ എംബസിയുടെ നിയന്ത്രണം പിടിക്കാൻ താലിബാന് കഴിഞ്ഞിരുന്നില്ല. ഉദ്ദേശിക്കുന്ന വിധത്തിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പൂട്ടുന്നതെന്ന് അഫ്ഗാൻ എംബസി അധികൃതർ വിശദീകരിച്ചു.
നയതന്ത്ര പ്രതിനിധിയോ മതിയായ ജീവനക്കാരോ ഇല്ലാത്ത പ്രശ്നം ഒരു വശത്ത്. ആതിഥേയ രാജ്യത്തിന്റെ പിന്തുണ കിട്ടാത്ത പ്രശ്നം മറുവശത്ത്. ഈ സാഹചര്യത്തിൽ ഞായറാഴ്ച മുതലാണ് എംബസി പൂട്ടിയത്. വിയന്ന ഉടമ്പടി വ്യവസ്ഥ പ്രകാരം എംബസി പൂട്ടിയാൽ, കെട്ടിടവും വസ്തുവകകളും ആതിഥേയ രാജ്യത്തിന് കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.