ന്യൂഡൽഹി: അടിയന്തര സാഹചര്യമുണ്ടായാൽ അഫ്ഗാനിസ്താനിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരൻമാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്ന് ഇന്ത്യ.
തലസ്ഥാന നഗരിയായ കാബൂളിൽ താലിബാൻ പ്രവേശിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും മറ്റു പല പദ്ധതികളുമായി ബന്ധപ്പെട്ട് കാബൂളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരൻമാരും ഭീതിയിലായ സാഹചര്യത്തിലാണ്, അനിവാര്യ സാഹചര്യത്തിൽ ഒഴിപ്പിക്കൽ അടക്കമുള്ള നടപടികൾക്ക് സജ്ജമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്.
ഇന്ത്യൻ എംബസി ജീവനക്കാരുടെയും മറ്റ് ഇന്ത്യൻ പൗരൻമാരുടെയും സുരക്ഷ അപകടത്തിലാവുന്ന സാഹചര്യം ഉണ്ടായാൽ അടിയന്തര നടപടികൾക്ക് എല്ലാം സജ്ജമാണെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ''അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ എംബസിയിലെ ജീവനക്കാരുടെ ജീവൻ വെച്ചുള്ള ഒരു പരീക്ഷണത്തിനും സർക്കാർ സന്നദ്ധമല്ല'' -മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യക്കാരെ കാബൂളിൽ നിന്ന് എപ്പോൾ ഒഴിപ്പിക്കുമെന്ന ചോദ്യത്തിന്, സാഹചര്യം വിലയിരുത്തിയശേഷമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനായി വ്യോമസേനയുടെ യാത്രാ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ ഒരുക്കി നിർത്തിയിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.