രാകേഷ് ടികായത്

സമരവീഥിയിൽ 383 നാൾ; രാകേഷ് ടികായത് ഇന്ന് വീട്ടിലേക്ക് മടങ്ങും

ന്യൂഡൽഹി: തെറ്റായ നയങ്ങൾ അടിച്ചേൽപ്പിച്ച ഭരണകൂടത്തെ ഐതിഹാസികമായ സമരപോരാട്ടത്തിലൂടെ മുട്ടുകുത്തിച്ച് അവകാശങ്ങളും അഭിമാനവും ഉയർത്തിപ്പിടിച്ച് കർഷകർ വീടുകളിലേക്ക് മടങ്ങുമ്പോൾ അവർക്കിടയിൽ യുദ്ധം ജയിച്ച് മടങ്ങുന്ന സേനാനായകനെപ്പോലെ രാകേഷ് ടികായത് എന്ന 52കാരനുണ്ടാകും. 383 ദിവസത്തെ അവധിയില്ലാ സമരത്തിനൊടുവിലാണ് യു.പിയിലെ സിസൗലിയിൽ നിന്നുള്ള ഈ കർഷക നേതാവ് മടങ്ങുന്നത്. അദ്ദേഹത്തെ അർഹിച്ച ആദരവോടെ വരവേൽക്കാനൊരുങ്ങുകയാണ് ജന്മനാട്.

ഡൽഹി ഗാസിപ്പൂർ അതിർത്തിയിലാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവായ രാകേഷ് ടികായത് സമരം നയിച്ചത്. പ്രക്ഷോഭത്തിലുള്ള കർഷകരുടെയാകെ ശബ്ദമാകാൻ ഇദ്ദേഹത്തിന് സാധിച്ചു. കേന്ദ്ര സർക്കാറിന്‍റെ ധാർഷ്ട്യത്തിന് മുന്നിൽ ചിതറിപ്പോകുമെന്ന് കരുതിയ കർഷക പ്രക്ഷോഭത്തിന് ലക്ഷ്യബോധം നൽകുന്നതിലും ദേശീയശ്രദ്ധയിലേക്കെത്തിക്കുന്നതിലും ടികായത്തിന്‍റെ ഇടപെടൽ നിർണായകമായിരുന്നു.



 

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ സമരം തന്നെ അവസാനിപ്പിക്കേണ്ടിവരുമോയെന്ന പ്രതിസന്ധിയിലായിരുന്നു കർഷകർ. ഈ അവസരം മുതലെടുത്ത് കർഷകരെയാകെ ഒഴിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ. എന്നാൽ, ചെങ്കോട്ടയിലെ അക്രമങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ താൻ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചുള്ള ടികായതിന്‍റെ പ്രസംഗം സമരത്തിന് പുതിയ ഊർജം നൽകുകയായിരുന്നു. താൻ അറസ്റ്റിലായാലും സമരം അവസാനിപ്പിക്കരുതെന്ന കണ്ണീരോടെയുള്ള അഭ്യർഥനയോടെയാണ് ടികായത് കീഴടങ്ങിയത്. കർഷക പ്രക്ഷോഭം അവസാനിപ്പിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടികായത്തിന്‍റെ കണ്ണീർ കർഷകലക്ഷങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് രാജ്യം പിന്നാലെ കണ്ടത്.

പ്രമുഖ കർഷക നേതാവും ബി.കെ.യു സഹസ്ഥാപകനുമായ അന്തരിച്ച മഹേന്ദ്ര സിങ് ടികായത്തിന്‍റെ മകനാണ് രാകേഷ് ടികായത്. മീററ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദം നേടിയ ടികായത് 1992ൽ ഡൽഹി പൊലീസിൽ കോൺസ്റ്റബിളായി ജോലി നേടി. പിന്നീട് സബ് ഇൻസ്പെക്ടറായി ഉയർന്നു. 1993-94ൽ ചെങ്കോട്ടയിൽ കർഷകർ പ്രതിഷേധം നടത്തിയത് ടികായതിന്‍റെ ജീവിതത്തിൽ നിർണായകമായി. ഇതോടെ ഡൽഹി പൊലീസിൽ നിന്ന് പുറത്തുപോയ ടികായത് ഭാരതീയ കിസാൻ യൂണിയൻ അംഗമായി പ്രതിഷേധത്തിൽ പങ്കുചേർന്നു.



 

പിതാവിന്‍റെ മരണശേഷം രാകേഷ് ടികായത് ബി.കെ.യുവിൽ സജീവമായി, പിന്നീട് അതിന്‍റെ ദേശീയ വക്താവായി. 2018ൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ മുതൽ ഡൽഹി വരെ നടത്തിയ കിസാൻ ക്രാന്തി യാത്രയുടെ നേതാവായിരുന്നു ടികായത്. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്‍റെ ചരിത്രവും ഈ കർഷക നേതാവിനുണ്ട്. 2007ൽ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാർഥിയായി മത്സരിച്ചു. ആറാം സ്ഥാനം മാത്രമാണ് നേടാനായത്. 2014ൽ ആർ.‌എൽ.‌ഡി ടിക്കറ്റിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.

കർഷകസമരത്തിന്‍റെയാകെ മുഖമായി മാറിയ നേതാവിന് അർഹിക്കുന്ന സ്വീകരണം നൽകാനൊരുങ്ങുകയാണ് ഭാരതീയ കിസാൻ യൂണിയൻ. ഗാസിപൂർ മുതൽ സിസൗലി വരെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ ടികായതിന്‍റെ നേതൃത്വത്തിലുള്ള കർഷകരുടെ മടക്കയാത്രക്ക് സ്വീകരണം ഒരുക്കുമെന്ന് ബി.കെ.യു നേതാവ് ധർമേന്ദ്ര മാലിക് പറഞ്ഞു. 

Tags:    
News Summary - After 383 days at Ghazipur border, Rakesh Tikait to return home today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.