മുംബൈ: എട്ട് പതിറ്റാണ്ട് നീണ്ട സ്വത്ത് തർക്കത്തിന് വിരാമമിട്ട് ദക്ഷിണ മുംബൈയിലെ രണ്ട് ഫ്ലാറ്റുകൾ ഉടമയായ 93കാരിക്ക് വിട്ടുനൽകാൻ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു.തെക്കൻ മുംബൈയിലെ റൂബി മാൻഷന്റെ ഒന്നാം നിലയിലെ 500, 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ഫ്ലാറ്റുകളാണ് ഉടമയ്ക്ക് വിട്ടു നൽകാൻ കോടതി ഉത്തരവിട്ടത്. ബ്രിട്ടീഷ് കോളോണിയൽ കാലത്ത് സ്വകാര്യ സ്വത്തുക്കൾ കൈവശപ്പെടുത്താൻ ഭരണാധികാരികൾക്ക് അനുവാദം നൽകുന്ന ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1942 മാർച്ച് 28 ന് അന്നത്തെ ഭരണകൂടം ഏറ്റടുത്ത കെട്ടിടമാണ് ഉയമയ്ക്ക് തിരികെ നൽകാൻ കോടതി കനിഞ്ഞത്.
1946 ജൂലൈയിൽ ഡി-റിക്വിസിഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ഫ്ലാറ്റുകൾ ഉടമ ആലീസ് ഡിസൂസയ്ക്ക് തിരികെ നൽകിയില്ലെന്ന് മെയ് നാലിലെ ഉത്തരവിൽ ജസ്റ്റിസുമാരായ ആർ.ഡി ധനുക, എം.എം സതയെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡി-റിക്വിസിഷൻ ഓർഡറുകൾ നടപ്പാക്കാനും ഫ്‌ളാറ്റുകൾ തനിക്ക് കൈമാറാനും മഹാരാഷ്ട്ര സർക്കാരിനും മുംബൈ കലക്ടർക്കും നിർദേശം നൽകണമെന്ന് ഡിസൂസ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 1940കളിൽ റിക്വിസിഷൻ ഓർഡർ പ്രകാരം ഫ്ളാറ്റിൽ താമസമാക്കിയ ഡിഎസ് ലൗഡ് എന്ന മുൻ സർക്കാർ ഉദ്യോഗസ്ഥന്‍റെ അനന്തരാവകാശികളാണ് നിലവിൽ ഫ്ലാറ്റ് കൈവശപ്പെടുത്തിയിരിക്കുന്നത്. കോളോണിയൽ ഭരണ കാലത്ത് സിവിൽ സർവീസ് വകുപ്പിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു ലൗഡ്.
റിക്വിസിഷൻ ഓർഡർ പിൻവലിച്ചെങ്കിലും ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ശരിയായ ഉടമയ്ക്ക് കൈമാറിയിട്ടില്ലെന്ന് ഡിസൂസ തന്റെ ഹർജിയിൽ അവകാശപ്പെട്ടു. കെട്ടിടത്തിലെ മറ്റ് ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം ഉടമകൾക്ക് തിരികെ നൽകിയെന്നും ഹർജിയിൽ പറയുന്നു. സമാധാനപരമായി ഫ്ലാറ്റ് ഉടമക്ക് കൈമാറാൻ നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.