നാൽപത് പൈസ അധികമായി ഈടാക്കിയതിനെതിരെ കേസ്; 4000 രൂപ പിഴ ചുമത്തി കോടതി

ബംഗളൂരു: നാൽപത് പൈസ അധികമായി ഈടാക്കിയതിന് റെസ്റ്റോറന്‍റിനെതിരെ കേസ് കൊടുത്ത ഉപഭോക്താവിന് 4000 രൂപ പിഴ ചുമത്തി കോടതി. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയുടെ സമയം കളഞ്ഞതിനാണ് ഉപഭോക്താവിന് പിഴ ചുമത്തിയെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മേയിലാണ് പരാതിക്കാരനായ മൂർത്തി ബംഗളൂരു സെൻട്രൽ സ്ട്രീറ്റിലെ ഹോട്ടൽ എംപയർ സന്ദർശിക്കുന്നത്. റസ്‌റ്റോറന്റ് ജീവനക്കാർ ഭക്ഷണത്തിന് 265 രൂപയാണ് ബില്ലായി മൂർത്തിക്ക് നൽകിയത്. എന്നാൽ താന്‍ കഴിച്ച ഭക്ഷണത്തിന് 264.60 രൂപയാണുള്ളതെന്നും 40 പൈസ റസ്‌റ്റോറന്റ് അധികമായി ഈടാക്കുകയാണെന്നും മൂർത്തി പരാതിപ്പെട്ടു. സംഭവത്തിൽ തനിക്ക് മാനസിക ആഘാതവും വേദനയും ഉണ്ടായെന്നും ഇതിന് നഷ്ടപരിഹാരമായി റെസ്റ്റോറന്റ് ഒരു രൂപ നൽകണമെന്നും മൂർത്തി ആവശ്യപ്പെട്ടു. വിഷയത്തിൽ തൃപ്തികരമായ മറുപടി റെസ്റ്റോറന്റിൽ നിന്ന് ലഭിക്കാതെ വന്നതോടെയാണ് മൂർത്തി ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്.

എന്നാൽ 2017ലെ കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷൻ 170 പ്രകാരമാണ് ബില്ലിൽ അധികപൈസ ഈടാക്കിയതെന്ന് റസ്റ്റോറന്റിനെ പ്രതിനിധീകരിച്ച അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇനി മുതൽ അന്‍പത് പൈസയിൽ കുറവുള്ളതിനെ പിന്‍വലിക്കുകയും അന്‍പത് പൈസയിൽ കൂടുതലുള്ളവയെ ഒരു രൂപയായി പരിഗണിക്കുകയും ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.

40 പൈസ അധികം ഈടാക്കിയതിൽ റസ്റ്റോറന്റിന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. കേസ് വ്യക്തിപരമായ പ്രചാരണത്തിനായി ഉപയോഗിക്കുകയും കോടതിയുടെയും റസ്റ്റോറന്റിന്റെയും സമയം പാഴാക്കുകയും ചെയ്ത പരാതിക്കാരന്‍ പിഴ അടക്കാന്‍ ബാധ്യസ്ഥനാണെന്നും കോടതി ഉത്തരവിട്ടു. റെസ്റ്റോറന്‍റിന് നഷ്ടപരിഹാരമായി 2,000 രൂപയും കോടതി ചെലവിനായി 2,000 രൂപയുമടക്കം 4000 രൂപയാണ് കോടതി മൂർത്തിക്ക് പിഴയായി ചുമത്തിയത്. 

Tags:    
News Summary - after being overcharged by 40 paise, man sues restaurant; fined Rs 4,000 by court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.