ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ കേണൽ മരിച്ചതിന് പിന്നാലെ പ്രദേശത്ത് വ്യോമ നിരീക്ഷണം ശക്തമാക്കി പാകിസ്താൻ. കേന്ദ്ര സർക്കാറിന്‍റെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എഫ് 16, ജെ.എഫ് 17 യുദ്ധവിമാനങ്ങൾ മാറി മാറി ഉപയോഗിച്ചാണ് വ്യോമസേന നിരീക്ഷണം വർധിപ്പിച്ചത്. പാക് ഭൂപ്രദേശത്ത് വിശദമായ നിരീക്ഷണമാണ് നടത്തുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ശക്തമായ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാകാം പാകിസ്താന്‍റെ നീക്കമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഉറി, പുൽവാമ ഭീകരരാക്രമണങ്ങൾക്ക് പിന്നാലെ ശക്തമായ മിന്നൽ ആക്രമണങ്ങൾ പാക് മണ്ണിൽ ഇന്ത്യൻ സേന നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
കുപ് വാര ജില്ലയിലെ ഹന്ദ്വാരയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് കേണൽ അശുതോഷ് ശർമ വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്‍റെ കമാൻഡിങ് ഓഫിസറായിരുന്നു കേണൽ അശുതോഷ്. ഗാർഡ്സ് റെജിമെന്‍റിന്‍റെ ഭാഗമായ കേണൽ അശുതോഷ് വളരെക്കാലമായി കശ്മീർ താഴ്വരയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേണൽ അശുതോഷിനെ കൂടാതെ മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേഷ് എന്നീ സൈനികരും ജമ്മു - കശ്മീർ പൊലീസിലെ എസ്.ഐ ഷക്കീൽ ഖാസിയും വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്ബ കമാൻഡർ ഹൈദർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.