ബെംഗളൂരു: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് സംഭാവന നൽകില്ലെന്ന് വ്യക്തമാക്കി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തർക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കിൽ പണം തരാമെന്നും ഫണ്ട് ചോദിച്ചു വന്നവരോട് വ്യക്തമായി പറഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു.
മുമ്പ് അവർ ഇഷ്ടികക്ക് വേണ്ടി പണം പിരിച്ചിരുന്നു. പിന്നീട് ഇഷ്ടിക അയോധ്യക്ക് വെളിയിൽ എറിഞ്ഞു. വാങ്ങിയ പണത്തിന് എന്നെങ്കിലും അവർ കണക്ക് നൽകിയിരുന്നോ?-സിദ്ധരാമയ്യ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് ചോദിച്ചു.
രാമക്ഷേത്രത്തിന് പണംപിരിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ജെ.ഡി.എസ് നേതാവും കർണാടക മുൻമുഖ്യമന്ത്രിയുമായ എച്.ഡി കുമാരസ്വാമി ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഇവർക്ക് ഫണ്ട് പിരിക്കാൻ അനുവാദം നൽകിയതെന്നും പണം പിരിക്കുന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്നും കുമാരസ്വാമി ചോദിച്ചിരുന്നു.
ആളുകളുടെ വികാരം ചൂഷണം ചെയ്ത് പണം പിരിക്കുകയാണെന്നും പണം തരാത്തവരുടെ വീടുകൾ നാസി സ്റ്റൈലിൽ പ്രത്യേകം രേഖപ്പെടുത്തുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.