മുംബൈ: ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയ മുംബൈയിലെ കോളജ് വീണ്ടും വസ്ത്രധാരണത്തിൽ നിരോധനം കൊണ്ടുവന്നിരുക്കുകയാണ്. വിദ്യാർഥികൾ കീറിയ (ടോൺ) ജീൻസ്, ടീ-ഷർട്ടുകൾ, ജഴ്‌സികൾ എന്നിവ ധരിക്കരുതെന്നാണ് പുതിയ അറിയിപ്പ്. മതം വെളിപ്പെടുത്തുന്നതോ സാംസ്കാരിക അസമത്വം കാണിക്കുന്നതോ ആയ വസ്ത്രം ധരിക്കരുതെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
ജൂൺ 27ന് പുറപ്പെടുവിച്ച നോട്ടീസിൽ കാമ്പസിലായിരിക്കുമ്പോൾ വിദ്യാർഥികൾ ഔപചാരികവും 'മാന്യ'വുമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നു. ആൺകുട്ടികൾക്ക് ഹാഫ് അല്ലെങ്കിൽ ഫുൾ ഷർട്ടും പാന്‍റും ധരിക്കാം. പെൺകുട്ടികൾക്ക് ഇന്ത്യൻ, പാശ്ചാത്യ വസ്ത്രങ്ങളും ധരിക്കാമെന്ന് അതിൽ പറയുന്നു.
ഇത്തരം നിയമങ്ങൾ വിദ്യാർഥികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതല്ലെന്ന് നിരീക്ഷിച്ച് കോളേജിൽ ഹിജാബ്, ബുർഖ, നിഖാബ് എന്നിവക്ക് നിരോധനം ഏർപ്പെടുത്താനുള്ള കോളേജിന്‍റെ തീരുമാനത്തിൽ ഇടപെടാൻ ജൂൺ 26ന് ബോംബെ ഹൈകോടതി വിസമ്മതിച്ചിരുന്നു. തുടർന്നാണ് പുതിയ നിർദ്ദേശം.
"വിദ്യാർഥികൾ മതം വെളിപ്പെടുത്തുന്നതോ സാംസ്കാരിക അസമത്വം കാണിക്കുന്നതോ ആയ വസ്ത്രം ധരിക്കരുത്. നിഖാബ്, ഹിജാബ്, ബുർക്ക, സ്റ്റോൾ, തൊപ്പി മുതലായവ താഴത്തെ നിലയിലെ മുറികളിൽ പോയി നീക്കം ചെയ്യണം. അതിനുശേഷം മാത്രമേ കോളജിലുടനീളം സഞ്ചരിക്കാൻ കഴിയൂ" -നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.