ചെന്നൈ: ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് എച്ച്. രാജ രംഗത്ത്. ലെനിൻ പ്രതിമകൾ തകർത്ത പോലെ തമിഴ്നാട്ടിലെ പെരിയാർ പ്രതിമകളെ തകർക്കാൻ ഫേസ്ബുക്കിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. പെരിയാർ ജാതീയ ഭ്രാന്തനായിരുന്നെന്നും അദ്ദേഹം കുറിച്ചു.
ലെനിൻ ആരായിരുന്നെന്നും ഇന്ത്യയുമായി എന്തായിരുന്നു ബന്ധമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി കൂടിയായ രാജ ചോദിച്ചു. സംഭവം വിവാദമായതോടെ പോസ്റ്റ് രാജ പിൻവലിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ബി.ജെ.പി നേതാവിൻെറ ആഹാന്വം വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൻറെ ഫേസ്ബുക്ക് പേജ് പലരും ചേർന്നാണ് നിയന്ത്രിക്കുന്നതെന്ന് രാജ പ്രതികരിച്ചു.
ബി.ജെ.പിയുടെ യുവജനവിഭാഗം വൈസ് പ്രസിഡന്റ് എസ്.ജി. സൂര്യയുടെ സമാനമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ത്രിപുരയിലെ ലെനിൻ വീഴ്ച ബി.ജെ.പി വിജയകരമായി പൂർത്തിയാക്കി. തമിഴ്നാട്ടിലെ ഇവി രാമസാമി പ്രതിമകളുടെ വീഴ്ചക്കായി കാത്തിരിക്കുക -എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കളും പ്രവർത്തകും രാജയുടെ പ്രസ്താവനക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ കനത്ത വിമർശമാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്.
ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന പെരിയാർ തമിഴ്നാടിൻറെ ചരിത്രത്തിലെ മഹത്തായ വ്യക്തിത്വമായിരുന്നു. ദ്രാവിഡർ കഴകം അദ്ദേഹം രൂപം നൽകിയതാണ്. പെരിയാറിൻെറ പ്രതിമ സ്പർശിക്കാൻ ഒരുത്തനും വരില്ലെന്നും തുടർച്ചയായ വിവാദ പ്രസ്താവന നടത്തുന്ന രാജയെ ഗുണ്ടാ ആക്ട് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.