സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി മുൻ പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ടിനൊപ്പം പാർട്ടി കോൺഗ്രസിനെ അഭിവാദ്യം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം (PHOTO: പി.ബി. ബിജു)
മധുര: ജനറൽ സെക്രട്ടറികൂടി മലയാളിയായതോടെ സി.പി.എം അക്ഷരാർഥത്തിൽ കേരള പാർട്ടിയായി. ബംഗാളിലെയും ത്രിപുരയിലെയും പതിറ്റാണ്ടുകൾ നീണ്ട ഭരണ കുത്തക അവസാനിച്ചതോടെയാണ് കേരള പാർട്ടി എന്ന വിമർശനം സി.പി.എമ്മിനെതിരെ ഉയർന്നുതുടങ്ങിയത്. നിലവിൽ പാർട്ടിയുടെ ഏക മുഖ്യമന്ത്രി പിണറായി വിജയനും, മധുരയിൽ നടന്ന 24ാം പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി എം.എ. ബേബിയും കേരളക്കാർ. ഇനി പാർട്ടിയുടെ ആകെ അംഗത്വം നോക്കിയാൽ അതിൽ ഭൂരിപക്ഷവും മലയാളികളാണ്.
വിവിധ സംസ്ഥാനങ്ങളിലായി സി.പി.എമ്മിന് ആകെ 10.19 ലക്ഷം അംഗങ്ങളാണുള്ളത്. ഇതിൽ പകുതിയിലേറെ പേരും (5.65 ലക്ഷം) മലയാളികൾ.
പാർട്ടി ശക്തമായിരുന്ന ബംഗാളിൽ സി.പി.എമ്മിനിപ്പോൾ 1.58 ലക്ഷം അംഗങ്ങളാണുള്ളത്.
മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ ഏതാണ്ട് മൂന്നിലൊന്ന് പേരും കേരളത്തിൽ നിന്നുള്ളവർ. കേരളത്തിൽനിന്ന് 175 പേരാണ് സമ്മേളന പ്രതിനിധികൾ. അതിനാൽതന്നെ, രാഷ്ട്രീയ പ്രമേയ, കരട് സംഘടന റിപ്പോർട്ട് ചർച്ചയിലും മലയാളി പ്രതിനിധികൾക്ക് പ്രാധാന്യം ലഭിച്ചിരുന്നു.
പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്ര കമ്മിറ്റിയിലെ മൂന്ന് പുതുമുഖങ്ങളക്കം 17 പേരും 18 അംഗ പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ നാലുപേരും മലയാളികൾ.
പുതുതായി പി.ബിയിലെത്തിയ വിജൂ കൃഷ്ണൻ കണ്ണൂർ സ്വദേശിയാണെങ്കിലും അദ്ദേഹം കേരള ക്വോട്ടയിലല്ല പരമോന്നത ഘടകത്തിൽ എത്തിയത്.
പാർട്ടി കോൺഗ്രസ് പ്രായപരിധി ഇളവ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി, ജമ്മു-കശ്മീർ എം.എൽ.എ മുഹമ്മദ് യൂസഫ് തരിഗാമി എന്നീ മൂന്ന് നേതാക്കളിൽ രണ്ടുപേർ കേരളത്തിൽനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.