വിഡിയോ വൈറലായി; ഗതാഗത നിയമലംഘനത്തിന് രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുടെ മകന് 7000 രൂപ പിഴ

ജയ്പൂർ: അനധികൃത പരിഷ്കാരങ്ങളും മറ്റ് നിയമലംഘനങ്ങളും നടത്തി വാഹനം ഓടിച്ചതിന് ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവയുടെ മകനെതിരെ രാജസ്ഥാൻ ഗതാഗത വകുപ്പ് 7,000 രൂപ പിഴ ചുമത്തി. ജയ്പൂരിലെ ആംബർ റോഡിൽവെച്ച് കഴിഞ്ഞയാഴ്ച ചിത്രീകരിച്ച വിഡിയോയിൽ ബൈർവയുടെ മകനും കോൺഗ്രസ് നേതാവ് പുഷ്പേന്ദ്ര ഭരദ്വാജി​ന്‍റെ മകനും മുൻ സീറ്റിലും മറ്റ് രണ്ട് പേർ പിന്നിലും ഇരിക്കുന്നത് പകർത്തി. പൊലീസ് ബീക്കൺ വെച്ച രാജസ്ഥാൻ സർക്കാർ വാഹനം വാഹനവും അതിൽ പ്രത്യക്ഷപ്പെട്ടു.

ട്രാഫിക് ചലാൻ പ്രകാരം, വാഹനത്തിൽ അനധികൃത മാറ്റങ്ങൾ വരുത്തിയതിന് 5000 രൂപയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1000 രൂപയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1000 രൂപയും ഉപമുഖ്യമന്ത്രിയുടെ മകന് പിഴ ചുമത്തി. വാഹനം ഭരദ്വാജി​ന്‍റെ മക​ന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഏഴ് ദിവസത്തിനകം മോട്ടോർ വാഹന നിയമപ്രകാരം വിശദീകരണം ആവശ്യപ്പെട്ട് ഒക്ടോബർ ഒന്നിന് നോട്ടീസ് നൽകിയിരുന്നു.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ വിമർശനം ക്ഷണിച്ചുവരുത്തിയതോടെ മകനെ ന്യായീകരിച്ച് ബൈർവ രംഗത്തെത്തി. താൻ ഉപമുഖ്യമന്ത്രിയായത് മുതൽ ത​ന്‍റെ മകന് സമ്പന്നരുമായി സഹവസിക്കാനും അവരുടെ ആഡംബര കാറുകൾ കാണാനും അവസരമുണ്ടായെന്ന് പറഞ്ഞു. ‘എ​ന്‍റെ മകൻ സ്‌കൂൾകാലം മുതലുള്ള കൂട്ടുകാരുമായി ചങ്ങാത്തത്തിലാണ്. എന്നെപ്പോലെ ഒരാളെ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയാക്കിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അതിനുശേഷം സമ്പന്നരായ വ്യക്തികൾ മകനെ അവരുടെ കാറുകളിൽ ഇരിക്കാൻ അനുവദിച്ചു. അവന് ആഡംബര കാറുകൾ കാണാനുള്ള അവസരം ലഭിച്ചു. ഇപ്പോൾ ഞാൻ നന്ദിയുള്ളവനാണെന്നും’ ബൈർവ പറഞ്ഞു.

ത​ന്‍റെ മകന് ഇതുവരെ നിയമാനുസൃതമായ ഡ്രൈവിംഗ് പ്രായമെത്തിയിട്ടില്ലെന്നും കൂടെയുള്ള വാഹനം സുരക്ഷക്കായി ഉണ്ടെന്നും വാദിച്ചു. ‘പൊലീസ് വാഹനം സംരക്ഷണത്തിനായി അവരെ പിന്തുടരുകയായിരുന്നു. ആളുകൾ അതിനെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നുവെങ്കിൽ അത് അവരുടെ കാഴ്ചപ്പാടാണ്. പക്ഷേ ഞാൻ എ​ന്‍റെ മകനെയോ അവ​ന്‍റെ സുഹൃത്തുക്കളെയോ കുറ്റപ്പെടുത്തുകയില്ല’ ബൈർവ കൂട്ടിച്ചേർത്തു.

എന്നാൽ, പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബൈർവ പിന്നീട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. അവൻ ഒരു കുട്ടിയാണ്. ഇപ്പോഴും ചെറുപ്പമാണ്. അത്തരം പെരുമാറ്റം ആവർത്തിക്കരുതെന്ന് ഞാനവനെ ഉപദേശിച്ചു. തനിക്ക് സ്വന്തമായി വാഹനമില്ലെന്നും ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത ജീപ്പ് മാത്രമാണ് കുടുംബത്തിലുള്ളതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഡുഡു മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ബി.ജെ.പി എം.എൽ.എ ആയിട്ടുണ്ട് ബൈർവ.

Tags:    
News Summary - After viral video, Rajasthan deputy CM Prem Chand Bairwa's son fined Rs 7,000 for traffic violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.