ചെന്നൈ: തമിഴ്നാട് നിയമസഭയിലെ നാടകീയ സംഭവങ്ങൾക്കുപിന്നാലെ സംസ്ഥാന വ്യാപകമായി ഗവർണർ ആർ.എൻ. രവിക്കെതിരെ പ്രക്ഷോഭ പരിപാടികൾ അരങ്ങേറി. ‘ഗെറ്റ് ഔട്ട് രവി’ (രവി പുറത്തുപോവുക) എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
തിങ്കളാഴ്ച നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗമാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്. സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന രേഖയിലെ പല വാചകങ്ങളും ഒഴിവാക്കിയാണ് ഗവർണർ വായിച്ചത്. പ്രസംഗത്തിന്റെ പൂർണരൂപം നിയമസഭ രേഖയിലുണ്ടാവണമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രമേയം സഭ പാസാക്കിയതോടെ ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.
കോയമ്പത്തൂർ ഗാന്ധിപുരത്ത് പെരിയാർ പ്രതിമക്കുമുന്നിൽ തന്തൈ പെരിയാർ ദ്രാവിഡർ കഴകം പ്രതിഷേധ പ്രകടനം നടത്തി. ഗവർണറുടെ കോലം പ്രവർത്തകർ പെട്രോളൊഴിച്ച് കത്തിച്ചത് സംഘർഷത്തിനിടയാക്കി. ഗാന്ധിപുരം ടൗൺ ബസ് സ്റ്റാൻഡിനുമുന്നിലെ അണ്ണാ പ്രതിമക്കുസമീപവും ചില പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചു.
ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ റോഡ് തടയൽ സമരം നടത്തി. ഇരു സംഘടനകളിലുംപെട്ട 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മറീന കാമരാജർ റോഡിലെ ഗവ. കോളജിലെ പ്രവേശന കവാടത്തിനുമുന്നിൽ വിദ്യാർഥികൾ പ്രതിഷേധ ധർണ നടത്തി. നിയമസഭയിൽ ഗവർണർക്കെതിരെ പരാമർശങ്ങൾ നടത്തരുതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ എം.എൽ.എമാർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി ഡി.എം.കെയിലെ മുതിർന്ന നേതാക്കളുമായും നിയമ വിദഗ്ധരുമായും ചർച്ച നടത്തി.
അതിനിടെ ഗവർണർ നിയമസഭയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചു. ഗവർണർ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയതായും റിപ്പോർട്ടുണ്ട്.
അതിനിടെ രാജ്ഭവനിൽ നടന്ന സെമിനാറിൽ സംസ്ഥാന, കേന്ദ്ര സർക്കാറുകൾ തമ്മിലുണ്ടാവുന്ന തർക്കങ്ങളിലും പ്രശ്നങ്ങളിലും കേന്ദ്രത്തിന് അനുകൂലമായി മാത്രമേ നിലപാട് സ്വീകരിക്കാൻ പാടുള്ളൂവെന്ന് ഗവർണർ സിവിൽ സർവിസ് പരീക്ഷ ജേതാക്കളെ ഉപദേശിച്ചതും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.