ഹൈദരാബാദ്/ കൊൽക്കത്ത/സഹാറൻപുർ: അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം അടിച്ചമർത്താൻ നടപടി കടുപ്പിച്ച് കേന്ദ്രം. ഞായറാഴ്ച വിവിധയിടങ്ങളിൽ പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതിനൊപ്പം പദ്ധതി സംബന്ധിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് 35 വാട്സാപ് ഗ്രൂപ്പുകളെ നിരോധിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ അറസ്റ്റിലായവരുടെ എണ്ണം 387 ആയി. 145 പേരെ മുൻകരുതലായും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം 17ന് സെക്കന്തരാബാദ് റെയിൽവേസ്റ്റേഷനിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 46 പേരെ അറസ്റ്റ് ചെയ്തു. സൈനിക റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് അക്രമങ്ങളുമായി ബന്ധമുണ്ടെന്നും റെയിൽവെ പൊലീസ് ആരോപിച്ചു. ഈ മാസം 17ന് രാവിലെ എട്ടരക്ക് സെക്കന്തരാബാദ് റെയിൽവേസ്റ്റേഷനിൽ സമരക്കാരോട് ഒത്തുചേരാൻ ആവശ്യപ്പെട്ട് സൈനിക റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ നൽകിയ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും പെട്രോൾ കാൻ കൊണ്ടുവരണമെന്ന് അതിൽ ആവശ്യമുണ്ടായിരുന്നുവെന്നും റെയിൽവെ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
സ്ഥലത്ത് യുവാവ് കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.പിയിലെ ബലിയ, മഥുര, ജോൻപുർ, വാരാണസി, അലിഗഢ്, ഗാസിപ്പുർ, ചന്ദൗലി സഹാറൻപൂർ, ഭദോഹി, ദേവ്റിയ എന്നിവിടങ്ങളിലാണ് അറസ്റ്റുണ്ടായത്. യുവജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു പലയിടത്തും അറസ്റ്റ് നടന്നത്. സമാജ്വാദി പാർട്ടി, കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായവരിൽ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്തിൽ സമാധാനപരമായി പ്രതിഷേധിച്ച 14 പേരെ പൊലീസ് പിടികൂടി. അനുമതിയില്ലാത്ത സമരത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് അഹ്മദാബാദിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
അതിനിടെ, തമിഴ്നാട്ടിൽ ഞായറാഴ്ചയും ട്രെയിൻ ഗതാഗതം താളംതെറ്റി. വിവിധയിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് ഈസ്റ്റേൺ റെയിൽവേ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
ചില ട്രെയിനുകളുടെ സമയക്രമം മാറ്റിയിട്ടുമുണ്ട്. പഞ്ചാബിലെ രൂപ്നഗറിൽ ഉദ്യോഗാർഥികൾ ചണ്ഡിഗഢ്-ഉന ദേശീയ പാത ഉപരോധിച്ചു. ജയ്പൂരിൽ പ്രക്ഷോഭകരെ നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു.agnipath
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.