ന്യൂഡൽഹി: പ്രതിരോധ വകുപ്പിനെ സഹായിക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളുമായി കേന്ദ്ര പ്രതിരോധ വകുപ്പ്. 'പ്രതിരോധത്തിലും കൃത്രിമ ബുദ്ധി' എന്ന പേരിൽ ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും പ്രദർശനവും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ഡൽഹിയില വിഗ്യാൻ ഭവനിൽ ജൂലൈ 11നാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം.
സർവീസുകളും ഗവേഷണ സംഘടനകളും വ്യവസായ സ്ഥാപനങ്ങളും സ്റ്റാർട്ട് അപ്പുകളും നിർമിച്ച എഐ ഉത്പന്നങ്ങൾ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉത്പന്നങ്ങൾ) മാർക്കറ്റിലിറക്കുന്നതിനുള്ള പ്രദർശനമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതിരോധവകുപ്പിന് ഉപകാരപ്രദമായ, പുതുതായി നിർമിച്ച 75 എ.ഐ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളും ആണ് പുറത്തിറക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളുടെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായും പ്രതിരോധ വകുപ്പിന്റെ ആത്മനിർഭാരത പദ്ധതി പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ സെക്രട്ടറി അജയ് കുമാർ വിശദീകരിച്ചിരുന്നു.
ആധുനിക കാലത്ത് യുദ്ധമുഖം മാറിയിരിക്കുന്നു. എ.ഐക്കാണ് ഇവിടെ പ്രധാന സ്ഥാനമുള്ളത്. ഈ ഉത്പന്നങ്ങളെല്ലാം പരിശോധന പൂർത്തിയായതാണ്. ഉടൻ തന്നെ രാജ്യ സുരക്ഷക്കുവേണ്ടി ഇവ ഉപയോഗിക്കുമെന്നും അജയ് കുമാർ പറഞ്ഞു. ഈ ഉത്പന്നങ്ങൾക്ക് പുറമെ, മറ്റ് 100 എ.ഐ ഉത്പന്നങ്ങൾ കൂടി തയാറായി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.