കോയമ്പത്തൂർ: എ.െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ലയനത്തിലേക്ക്. തിങ്കളാഴ്ച ലയനപ്രഖ്യാപനമുണ്ടാകുമെന്നു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെയും ഒ. പന്നീർസെൽവത്തിെൻറയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ സൂചന നൽകി. ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ 22ന് തമിഴ്നാട് സന്ദർശിക്കുന്നതിനുമുമ്പ് തീരുമാനമുണ്ടാകണമെന്ന് കേന്ദ്രത്തിെൻറ ‘അന്ത്യശാസന’മുള്ളതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ച മധുരയിൽ ഇരുവിഭാഗങ്ങളും യോഗം ചേരും. ശുഭവാർത്ത രണ്ടുദിവസത്തിനകമുണ്ടാകുമെന്നും ഇപ്പോൾ ഭിന്നതയില്ലെന്നും പന്നീർസെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭിന്നത ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പളനിസാമിയും പറഞ്ഞു.
ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലായിരിക്കും ലയനപ്രഖ്യാപനം. വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ സ്മാരകം പൂക്കൾകൊണ്ട് അലങ്കരിക്കുകയും പ്രവർത്തകർ എത്തുകയും ചെയ്തിരുന്നു. എന്നാൽ, നാലുമണിക്കൂർ നീണ്ട ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. പാർട്ടിയിലും മന്ത്രിസഭയിലും സുപ്രധാന പദവികൾ വേണമെന്നും ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നുമുള്ള ആവശ്യത്തിൽ പന്നീർസെൽവം വിഭാഗം ഉറച്ചുനിന്നതോടെയാണ് ചർച്ച അലസിയത്. ജയലളിതയുടെ മരണത്തെക്കുറിച്ച് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിനുപകരം സി.ബി.െഎ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനമോ ലയനശേഷം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനമോ തങ്ങൾക്ക് നൽകണമെന്നാണ് പന്നീർസെൽവത്തിെൻറ ആവശ്യം. പന്നീർശെൽവത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും പാർട്ടിയിൽ മാർഗനിർദേശക സമിതി ചെയർമാൻ സ്ഥാനവും നൽകാമെന്നാണ് ഇപ്പോഴത്തെ ധാരണ. ഇദ്ദേഹത്തിെൻറ വിഭാഗത്തിലെ എം.പി. പാണ്ഡ്യരാജൻ, എസ്. ചെമ്മല എന്നിവരെ മന്ത്രിസഭയിലുൾപ്പെടുത്തും. മറ്റ് നേതാക്കൾക്ക് പാർട്ടിയിൽ ഭാരവാഹിത്വം നൽകും.
ശശികലയെ ഒരു മാസത്തിനകം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാമെന്നും ധാരണയുണ്ട്. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുവരെ പാർട്ടിയെ നിയന്ത്രിക്കാൻ പന്നീർസെൽവത്തിെൻറ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റിയുണ്ടാക്കും. പൊതുമരാമത്ത്, ഹൈവേ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിസ്ഥാനവും എടപ്പാടി വിഭാഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടിയിലും സർക്കാറിലുമായി 10 പ്രമുഖ സ്ഥാനങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന് പന്നീർസെൽവം ക്യാമ്പ് അറിയിച്ചു.
കേന്ദ്രത്തിെൻറയും ബി.ജെ.പിയുടെയും സമ്മർദമനുസരിച്ചുള്ള ലയനമാണിതെന്ന വിമർശനവും ഇരുപക്ഷത്തും ഉയരുന്നുണ്ട്. ലയനത്തിനുവേണ്ടി പന്നീർസെൽവത്തിനുമേൽ കടുത്ത സമ്മർദമുണ്ടെന്ന് അദ്ദേഹത്തോടൊപ്പമുള്ള ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മുൻമന്ത്രി കെ.പി. മുനുസാമി, പി.എച്ച്. പാണ്ഡ്യൻ, നത്തം വിശ്വനാഥൻ, രാജ്യസഭാംഗം മൈത്രേയൻ തുടങ്ങിയവരാണ് തടസ്സവാദമുന്നയിക്കുന്നത്. ശശികലയെയും കുടുംബാംഗങ്ങളെയും പാർട്ടിയിൽനിന്ന് പുറത്താക്കാതെ ലയനത്തിന് മുതിരരുതെന്ന് ഇവർ ചൂണ്ടിക്കാട്ടി. പന്നീർശെൽവം പളനിസാമിക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകുന്നതിെൻറ അനൗചിത്യവും ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രിപദം വിട്ടുതരില്ലെന്ന് എടപ്പാടി വിഭാഗം അറിയിച്ചു. ശശികലയുടെ ജനറൽ സെക്രട്ടറി പദവിയുടെ സാധുത സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ തീർപ്പ് കൽപിക്കാനിരിക്കയാണെന്നും അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാമെന്നുമാണ് ഇവരുടെ നിലപാട്. അതിനിടെ, ശശികലയെ നീക്കുകയാണെങ്കിൽ സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ടി.ടി.വി. ദിനകരനൊപ്പമുള്ള എം.എൽ.എമാർ പറഞ്ഞു. ദിനകരനൊപ്പം 20 എം.എൽ.എമാരാണുള്ളത്. ലയനത്തിൽ എതിർപ്പുള്ള എം.എൽ.എമാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനും ദിനകരൻ നീക്കം തുടങ്ങിയിട്ടുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പളനിസാമിയെ പുറത്താക്കുമെന്ന് ടി.ടി.വി. ദിനകരൻ മുന്നറിയിപ്പുനൽകി. ‘‘പാർട്ടിയുടെ ഭരണത്തെ നയിക്കാനുള്ള ഡ്രൈവറായാണ് ആദ്യം പന്നീർസെൽവത്തെ നിയോഗിച്ചത്. യാത്ര വഴിതെറ്റിയപ്പോൾ പന്നീർസെൽവത്തെ മാറ്റി പളനിസാമിയെ ഏൽപ്പിച്ചു. പളനിസാമിക്ക് വഴി തെറ്റിയാൽ അദ്ദേഹത്തെയും മാറ്റും’’; ദിനകരൻ പക്ഷം നേതാവ് പളനിയപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.