സമരം തുടരുമെന്ന് എയിംസ് ഡോക്ർമാർ; ഒ.പി സേവനം ജന്തർ മന്തറിൽ

ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് ഡൽഹി എയിംസിലെ റെസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷൻ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ വർധിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജന്തർ മന്തറിൽ 11 മണി മുതൽ ഒ.പി സേവനം ലഭ്യമാക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

“ആർ.ജി കർ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിഷ‍യത്തിൽ ഇടപെട്ട സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നു. ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരം വേണമെന്ന കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ ബഹിഷ്കരിച്ചുകൊണ്ടും, ഒ.പി, വാർഡ്, ഓപറേഷൻ തീയറ്റർ സേവനങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് സമരം തുടരാനാണ് തീരുമാനം. ഐ.സി.യു ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ തടസപ്പെടുത്തില്ല. 11 മണി മുതൽ ജന്തർ മന്തറിൽ ഒ.പി സേവനവും ലഭ്യമാക്കും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ഇതിനായി ഓഡിനൻസ് നടപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ” -ഡോക്ടർമാരുടെ സംഘടന പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ വർധിപ്പിക്കാനും, തൊഴിലിടത്തെ അക്രമം കുറക്കാനുമുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ചൊവ്വാഴ്ച സുപ്രീംകോടതി പത്തംഗ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ബലാത്സംഗക്കേസിലെ അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. ആഗസ്റ്റ് 15 ന് ആർ.ജി കർ ആശുപത്രിയിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമ ബംഗാൾ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - AIIMS Doctors To Continue Strike; Provide OPD Services At Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.