'യാത്രക്കാരനായി' വവ്വാലും; യു.എസിലേക്ക് പറന്നുയർന്ന വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്​ അമേരിക്കയിലേക്ക്​ പറന്നുയർന്ന വിമാനം അരമണിക്കൂറിനുള്ളിൽ തിരിച്ചിറക്കി. ബിസിനസ്​ ക്ലാസ്​ ക്യാബിനുള്ളിൽ ക്രൂ അംഗങ്ങൾ വവ്വാലിനെ കണ്ടെത്തിയതാണ്​ കാരണം. യാത്രക്കാരെ പിന്നീട്​ മറ്റൊരു വിമാനത്തിൽ കയറ്റി വിടുകയും ചെയ്​തു. വ്യാഴാഴ്​ച പുലർച്ചെ ഡൽഹിയിൽ നിന്ന്​ യു.എസിലെ നൊവാർക്കിലേക്ക്​ പറന്ന എയർ ഇന്ത്യ A1-105 വിമാനമാണ്​ 30 മിനിറ്റിന്​ ശേഷം തിരിച്ചറിക്കിയത്​.

ബിസിനസ് ക്ലാസ് ക്യാബിനിൽ വവ്വാലിനെ കണ്ടെത്തിയെന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക്​ ക​ൺട്രോളുമായി ബന്ധപ്പെട്ട് വിമാനം സുരക്ഷിതമായി ഡൽഹിയിൽ തിരിച്ചിറക്കുകയായിരുന്നു. വവ്വാലിനെ പിടികൂടാൻ വന്യജീവി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പക്ഷേ, വവ്വാൽ പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിക്കുകയും ചെയ്​തെന്ന്​ എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

മൂന്നാം കക്ഷിയിൽ നിന്നാകും വവ്വാൽ വിമാനത്തിനുള്ളിലെത്തിയതെന്നാണ്​ എയർ ഇന്ത്യ എൻജിനിയറിങ് ടീം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലുള്ളത്​. കാറ്ററിങ്​ സാധനങ്ങൾ കൊണ്ടുവരുന്ന ലോഡിങ് വാഹനങ്ങളിൽ നിന്നാണ് സാധാരണ എലികളും വവ്വാലുകളും വരാറുള്ളത്. അതിനാൽ അത്തരം വാഹനങ്ങളിൽ നിന്നാകും വിമാനത്തിൽ വവ്വാൽ കയറിയതെന്നാണ്​ കരുതുന്നതെന്നും എയർ ഇന്ത്യ എൻജിനിയറിങ് ടീം ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Air India flight returns mid-air to Delhi after bat found in plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.