ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി ആതിഷി മർലേനയുടെ ആരോപണങ്ങൾ തള്ളി ലഫ്. ഗവർണർ വി.കെ. സക്സേന. ഡൽഹിയിലെ ഹിന്ദു ക്ഷേത്രവും ബുദ്ധദേവാലയവും പൊളിക്കാൻ ലഫ്.ഗവർണർ ഉത്തരവിട്ടു എന്നായിരുന്നു ആതിഷിയുടെ ആരോപണം. എന്നാൽ ഭരണപരാജയം മറച്ചുവെക്കാനായി മുഖ്യമന്ത്രി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ഇതിന് ഗവർണറുടെ മറുപടി.
മസ്ജിദുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഒരു ആരാധനാലയവും പൊളിച്ചിട്ടില്ലെന്ന് കാണിച്ച് ഗവർണറുടെ ഓഫിസ് പ്രസ്താവനയിറക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഒരു ഫയലും ലഭിച്ചിട്ടില്ലെന്നും ഓഫിസ് കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നേട്ടത്തിനായി മനപൂർവം കുഴപ്പമുണ്ടാക്കുന്നവരെ നിരീക്ഷിക്കാനായി ഡൽഹി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. നിർദേശം പൊലീസ് കർശനമായി പാലിക്കുന്നുമുണ്ട്. ക്രിസ്മസ് ആഘോഷത്തിനിടയിൽ പോലും അസ്വാഭാവിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.-ലഫ്. ഗവർണർ വ്യക്തമാക്കി.
ലഫ്. ഗവർണർക്കയച്ച കത്തിലാണ് ആതിഷി ആരോപണം ഉന്നയിച്ചത്. 'നവംബർ 22ന് ഒരു മതസംഘടനയുടെ കമ്മിറ്റി ചേരുകയും ഡൽഹിയിലെ മതപരമായ കെട്ടിടങ്ങൾ പൊളിച്ചുകളയണമെന്ന് ഉത്തരവിടുകയും ചെയ്തു. താങ്കളുടെ നിർദേശമനുസരിച്ചാണ് അവർ അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് അറിവായിട്ടുണ്ട്. ഡൽഹിയിലെ വിവിധ മതപരമായ നിർമിതികൾ പൊളിക്കാൻ താങ്കൾ അനുമതി നൽകിയതായും വിവരം ലഭിച്ചിട്ടുണ്ട്.'-എന്നാണ് ആതിഷി കത്തിൽ സൂചിപ്പിച്ചത്.
പൊളിക്കാൻ തീരുമാനിച്ച ആരാധനാലയങ്ങളുടെ പട്ടികയും ആതിഷി അക്കമിട്ട് നിരത്തിയിട്ടുണ്ട്. വെസ്റ്റ് പട്ടേൽ നഗറിലെ ആരാധനാലയം, ദിൽഷാദ് ഗാർഡൻ, സുന്ദർ നഗരി, സീമാ പുരി, ഗോകുൽ പുരി, ഉസ്മാൻപൂർ എന്നിവിടങ്ങളിലാണ് മതപരമായ നിർമിതികളുള്ളത്. നിരവധി ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും ആതിഷി അവകാശപ്പെട്ടു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെന്ന നിലയിൽ ആരുടെയും മതവികാരം ഹനിക്കുന്ന ഒരു നടപടിയും ഡൽഹിയിൽ ഉണ്ടാകില്ലെന്ന് തങ്ങൾ ഉറപ്പുവരുത്തുമെന്നും ആതിഷി കത്തിൽ കൂട്ടിച്ചേർത്തു. ലഫ്. ഗവർണറുടെ ഓഫിസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഉത്തരവിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.