ആഗ്ര: മുംബൈയിലെ നാഗ്‌പാഡയിൽ 144 ചതുരശ്ര അടി വിസ്തീർണമുള്ള കട ഹേമന്ത് ജെയ്ൻ വാങ്ങുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഒരു കട വാങ്ങുന്നു എന്നതിലുപരിയായി അതിന് പ്രചോദനമേകിയത് മറ്റൊന്നായിരുന്നു. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്‍റെ വസ്തുവകകൾ ആരേയും ആകർഷിക്കുന്നില്ലെന്ന് പത്രത്തിൽ വായിച്ചതിന് ശേഷമാണ് ഹേമന്ത് ജെയ്ൻ ആ കട സ്വന്തമാക്കുന്നത്.
23 വർഷം മുമ്പാണ്, അന്ന് ജെയ്‌നിന് 34 വയസ്സ്. അന്നുമുതൽ ഇന്നുവരെയുള്ള അദ്ദേഹത്തിന്‍റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. 2001 സെപ്റ്റംബറിൽ ആദായനികുതി വകുപ്പ് നടത്തിയ ലേലത്തിലാണ് ജയരാജ് ഭായ് സ്ട്രീറ്റിലെ കട രണ്ട് ലക്ഷം രൂപ നൽകി വാങ്ങിയത്. എന്നാൽ വാങ്ങിയതിന് ശേഷം, കേന്ദ്രത്തിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിനുള്ള നിരോധനമുണ്ടെന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് അത്തരം നിരോധനം നിലവിലില്ലെന്ന് അദ്ദേഹം കണ്ടെത്തിയെങ്കിലും കാര്യങ്ങൾ എളുപ്പമായില്ല.
വസ്തുവുമായി ബന്ധപ്പെട്ട യഥാർഥ ഫയലുകൾ കാണാനില്ല എന്നാണ് ഐ.ടി വകുപ്പ് അവകാശപ്പെട്ടത്. അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി തുടങ്ങിയവരുടെയൊക്കെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ആവർത്തിച്ച് കത്തുകൾ അയച്ചിട്ടും വിഷയത്തിൽ പുരോഗതി ഉണ്ടായില്ല.
കൈമാറ്റം നടന്നില്ലെങ്കിലും സർക്കാർ വസ്തു വിൽക്കുമ്പോൾ ചുമത്തുന്ന നികുതി അടക്കാൻ അദ്ദേഹം നിർബന്ധിതനായി. 2017ഓടെ പ്രോപ്പർട്ടി ഫയൽ പൂർണമായും അപ്രത്യക്ഷമായി. നിലവിലെ വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി അടക്കാൻ ജെയ്നിനോട് അധികൃതർ പറഞ്ഞു. അത് 23 ലക്ഷം രൂപയായിരുന്നു. രജിസ്‌ട്രേഷൻ ഫീസും പിഴയും അദ്ദേഹത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. വസ്തു ലേലത്തിൽ വാങ്ങിയതിനാൽ മാർക്കറ്റ് മൂല്യത്തിനനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.
ഒന്നര ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും പിഴയും അടച്ച് അവസാനം 2024 ഡിസംബർ 19ന് വസ്തു അദ്ദേഹത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, ദാവൂദിന്‍റെ സഹായികളെന്ന് ആരോപിക്കപ്പെടുന്നവർ കട ഇപ്പോഴും കൈവശം വെച്ചിട്ടുണ്ട്. സ്വത്ത് മറന്ന് സമാധാനത്തോടെ ജീവിക്കാനാണ് അധികാരികൾ ഉപദേശിച്ചത്. പക്ഷേ, ഗ്രാമീണരായ തങ്ങൾക്ക് ഭയം എന്തെന്ന് അറിയില്ലെന്നും ഗ്രാമത്തിലെ മനുഷ്യൻ ഒരു ആൽമരം പോലെ എല്ലാ കാറ്റിനെയും എതിർക്കാൻ ശക്തനാണെന്നും അദ്ദേഹം പറഞ്ഞു. താൻ പോരാട്ടം തുടരുമെന്നും ദാവൂദ് ഇബ്രാഹിമിന്‍റെ ആധിപത്യത്തെ വെല്ലുവിളിക്കാനാണ് വസ്തു വാങ്ങിയതെന്നും ജെയ്ൻ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.