ലുധിയാന: തിങ്കളാഴ്ച സർവിസ് നടത്തിയ ഡൽഹി -ലുധിയാന വിമാനത്തിലുണ്ടായിരുന്ന എയർ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. 50കാരനായ ജീവനക്കാരനൊപ്പം യാത്രചെയ്തവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചതിന് ശേഷം 116 സാമ്പിളുകളാണ് പരിശോധനക്ക് എടുത്തത്. ഇതിൽ ഒരാളുടെ പരിശോധന ഫലമാണ് പോസിറ്റീവായതെന്ന് ലുധിയാന സിവിൽ സർജൻ ഡോ. രാജേഷ് ബഗ്ഗ അറിയിച്ചു.
ഡൽഹി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ തന്നെ എയർ ഇന്ത്യയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. ഡൽഹിയിൽനിന്ന് ലുധിയാനയിലെ സഹ്നേവാൾ വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിച്ചേർന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രാദേശിക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾക്കൊപ്പം യാത്ര ചെയ്തവരെ വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തു.
അതേസമയം, ചെന്നൈ -കോയമ്പത്തൂർ ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത ഒരു യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അതേ തുടർന്ന് ഇൗ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ മൂന്നിലൊന്ന് ആഭ്യന്തര വിമാനസർവിസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. അന്തരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകിയില്ലായിരുന്നു. ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് രാജ്യത്തെ കോവിഡ് രോഗവ്യാപനം കൂട്ടുമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മുംബൈയിലും വിമാന സർവിസ് പുനരാരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.