ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സീനിയർ ജീവനക്കാരന് യാത്രക്കാരന്റെ മർദനം. സിഡ്നിയിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ ജൂലൈ ഒമ്പതിനാണ് സംഭവം. സന്ദീപ് വർമ്മ എന്ന ജീവനക്കാരനാണ് മർദനമേറ്റത്. എയർ ഇന്ത്യയുടെ എ.ഐ 301 വിമാനത്തിലാണ് സംഭവം. യാത്രക്കാരനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
സംഭവം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ അറിയിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനം ഡൽഹിയിലെത്തിയ ഉടൻ ഇയാളെ സുരക്ഷാ ജീവനക്കാർക്ക് കൈമാറിയെന്നും എയർ ഇന്ത്യ അറിയിച്ചു. ഇയാൾക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ ക്ഷമാപണം നടത്തിയെന്നും കമ്പനി അറിയിച്ചു.
അതേസമയം, സംഭവത്തിൽ പ്രതികരണം നടത്താൻ ഡി.ജി.സി.എ ഇതുവരെ തയാറായിട്ടില്ല. ആസ്ട്രേലിയയിൽ നിന്നും സ്ഥിരമായി ഇന്ത്യയിലേക്ക് യാത്ര നടത്തുന്നയാളാണ് എയർ ഇന്ത്യ ജീവനക്കാരനായ സന്ദീപ് വർമ്മ. ഡൽഹിയിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റാണ് സന്ദീപ് വർമ്മ ബുക്ക് ചെയ്തിരുന്നത്. എന്നാൽ, സീറ്റുകൾ തകരാറിലായതിനാൽ സന്ദീപിന് ബിസിനസിൽ ക്ലാസിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇയാളെ ഇക്കണോമി ക്ലാസിലേക്ക് മാറ്റുകയായിരുന്നു.
ഇക്കണോമി ക്ലാസിൽ 30സി സീറ്റാണ് സന്ദീപ് വർമ്മക്ക് അനുവദിച്ചത്. പിന്നീട് 25ാം നിര സീറ്റിൽ ഒഴിവുണ്ടായതിന് സന്ദീപ് വർമ്മ അവിടേക്ക് മാറിയിരിക്കുകയായിരുന്നു. എന്നാൽ, അവിടെയുണ്ടായിരുന്നു യാത്രക്കാരിലൊരാൾ സന്ദീപ് വർമ്മയോട് കയർത്ത് സംസാരിക്കുകയും പിന്നീട് മർദിക്കുകയുമായിരുന്നു. ഇയാൾക്ക് എയർലൈൻ ജീവനക്കാർ മുന്നറിയിപ്പ് നൽകിയെങ്കിലും അത് കണക്കിലെടുക്കാൻ യാത്രക്കാരൻ തയാറായില്ലെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.