അജിത് പവാർ - നരേന്ദ്ര മോദി കൂടിക്കാഴ്ച 18ന്; കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്ന് പവാർ

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ 18ന് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽ മഹാരാഷ്ട്രയിലെ കർഷകർ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും പവാർ മാധ്യമങ്ങളോട് പറഞ്ഞു. നാസിക്കിൽ നടന്ന മഹാരാഷ്ട്ര സർക്കാരിന്‍റെ 'ഷസൻ അപല്യാ ദാരി' (സർക്കാർ നിങ്ങളുടെ പടിവാതിൽക്കൽ) എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

തങ്ങൾക്ക് ലഭിച്ച ദൗത്യങ്ങളിൽ തന്നോടൊപ്പം ഏക്നാഥ് ഷിൻഡെ സർക്കാരിന്‍റെ ഭാഗമായ മറ്റ് നേതാക്കളെല്ലാം സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ധനകാര്യ ആസൂത്രണ വകുപ്പിന്‍റെ ചുമതല പവാർ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഷിൻഡെയോട് ആവശ്യപ്പെട്ടെന്ന ശിവസേന (യു.ബി.ടി)നേതാവ് സഞ്ജയ് റാവത്തിന്‍റെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് റാവത്തിന്‍റേത് എന്നായിരുന്നു പവാറിന്‍റെ പരാമർശം.

"സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവിൽ ലഭിച്ചിരിക്കുന്ന തസ്തികകളിൽ എല്ലാവരും സന്തുഷ്ടരാണ്" - പവാർ വ്യക്തമാക്കി.

മന്ത്രിസഭയിൽ 14 സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രിസഭാ വികസനത്തെക്കുറിച്ച് പിന്നീട് അറിയിക്കുമെന്നും പവാർ കൂട്ടിച്ചേർത്തു. നിലവിൽ ഏക്നാഥ് ഷിൻഡെക്ക് കീഴിലുള്ള സർക്കാരിൽ 28 കാബിനറ്റ് മന്ത്രിമാരാണുള്ളത്. സഹമന്ത്രിമാരില്ല. സംസ്ഥാനത്തെ മന്ത്രിസഭാ വികസനം വെള്ളിയാഴ്ച നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല. തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാർ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഭിന്നതകളില്ലാതെ തുല്യമായ പുരോഗതി സംസ്ഥാനത്ത് ഉണ്ടാകണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകും. മഹാസഖ്യം ഒരുമിച്ച് ജനങ്ങൾക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ajit Pawar likely to meet Narendra Modi on July 18, will discuss issues of farmers says reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.