ചണ്ഡീഗഡ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ശിരോമണി അകാലിദൾ (എസ്.എ.ഡി) നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിങ് മജിതിയ മൊഹാലിയിലെ വിചാരണ കോടതിയിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് മജിതിയയെ ഫെബ്രുവരി 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് പഞ്ചാബ് പൊലീസിനോട് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരം അദ്ദേഹത്തിന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരി 20 ന് വിചാരണ കോടതിയിൽ ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
വിചാരണ കോടതിയിൽ ഹാജരായതിന് ശേഷം മജിതിയയുടെ ജാമ്യാപേക്ഷ പെട്ടന്ന് പരിഗണിക്കാനും കേസ് താമസം വരാതെ തീർപ്പാക്കാനും വിചാരണ കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. സുപ്രീം കോടതി ഉത്തരവ് മാനിച്ചാണ് താൻ കോടതിയിൽ ഹാജരായതെന്ന് മജിതിയ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞ ഡിസംബർ 20നാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻ.ഡി.പി.എസ്) ആക്‌ട് പ്രകാരം മജീതിയക്കെതിരെ കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ പഞ്ചാബ് ഹൈക്കോടതി തള്ളിയതോടെ അദ്ദഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.