ചണ്ഡിഗഢ്: പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാതെ വിമത നീക്കവുമായി ശിരോമണി അകാലിദൾ നേതാക്കൾ. പാർട്ടിയിൽ മാറ്റം വേണമെന്ന ആവശ്യവുമായി വിമതർ ജലന്ധറിൽ പ്രത്യേക യോഗം ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നേതാക്കൾക്കിടയിൽ അസ്വാരസ്യം ഉടലെടുത്തത്. പ്രേംസിങ് ചന്ദുമജ്ര, സിക്കന്ദർ സിങ് മലുക, ബിബി ജഗിർ കൗർ, പരമിന്ദർ സിങ് ധിൻഡ്ഷ, സർവൻ സിങ് ഫില്ലോർ ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗം ചേർന്നത്.
അകാലിദളിന്‍റെ ശക്തി ക്ഷയിച്ചതെങ്ങനെയെന്ന് ചർച്ച ചെയ്തതായി പ്രേംസിങ് ചന്ദുമജ്ര പറഞ്ഞു. അകാലിദൾ ഉയരങ്ങളിൽനിന്ന് താഴേക്ക് വീണു. പാർട്ടിക്കുള്ളിൽ മാറ്റം അനിവാര്യമാണെന്നും പ്രേംസിങ് പറഞ്ഞു. പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് മറ്റു നേതാക്കളെ കേൾക്കാറില്ലെന്ന് ബിബി ജാഗിർ ആരോപിച്ചു. പോരായ്മകൾ തിരുത്താൻ സുഖ്ബീർ തയാറാവുന്നില്ല. എങ്ങനെ നില മെച്ചപ്പെടുത്താമെന്ന കാര്യത്തിൽ പാർട്ടി അനുഭാവികൾ ആശങ്കയിലാണെന്നും ബിബി ജാഗിർ പറഞ്ഞു.
അതേസമയം പാർട്ടിയുടെ ജില്ലാ പ്രസിഡന്‍റിനും മറ്റു നേതാക്കൾക്കുമൊപ്പം സുഖ്ബീർ ചണ്ഡിഗഢിൽ യോഗം ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം അവലോകനം ചെയ്യാനാണ് യോഗം ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റുകളിൽ ഒരിടത്തു മാത്രമാണ് അകാലിദളിന് ജയിക്കാനായത്. വോട്ടു ശതമാനം 2019ൽ 27.45 ആയിരുന്നത് ഇത്തവണ 13.42 ആയി കുറഞ്ഞു. പാർട്ടി പ്രവർത്തക സമിതി ഇന്ന് യോഗം ചേരും.
പാർട്ടിയിൽ ഭിന്നതയെന്ന വാർത്ത ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ തള്ളിക്കളഞ്ഞു. പാർട്ടി നേതാക്കൾ സുഖ്ബീർ സിങ്ങിനൊപ്പമാണെന്നും ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മഹാരാഷ്ട്രയിലേതിനു സമാന നീക്കമാണ് ബി.ജെ.പി പഞ്ചാബിലും നടത്തുന്നതെന്ന് ഹർസിമ്രത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.