ഹൈദരാബാദ്: ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉയരുംവിധം പ്രസംഗിച്ചതിന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ( എ.ഐ.എം.ഐ.എം) നേതാവും എം.എൽ.എയുമായ അക്ബറുദ്ദീൻ ഉവൈസിക്കെതിരെ കേസെടുക്കാൻ തെലങ്കാനയിലെ പ്രാദേശിക കോടതി സൈദാബാ ദ് പൊലീസിന് നിർദേശം നൽകി. ഈ വർഷം ജൂലൈ 23ന് കരീംനഗറിൽ നടന്ന യോഗത്തിൽ തൻെറ വിവാദമായ ‘15 മിനിറ്റ് ധാരാളം’ പ്രയോഗം ആവർത്തിച്ച സംഭവത്തിൽ ഉവൈസിക്കെതിരെ കേസെടുത്ത് ഡിസംബർ 23നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈദരരാബാദ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുെട നിർദേശം. 2013ൽ നടത്തിയ പ്രകോപനപരമായൊരു പ്രസംഗത്തിൽ 15 മിനിറ്റ് പൊലീസിനെ ഒഴിവാക്കി തന്നാൽ മുസ്ലിമുകൾ 100കോടി ഹിന്ദുക്കളെ കൊന്നൊടുക്കുമെന്ന ഉവൈസിയുടെ പരാമർശം വിവാദമായിരുന്നു. തൻെറ ഈ ‘15 മിനിറ്റ് ധാരാളം’ മുന്നറിയിപ്പിൻെറ ആഘാതം മറികടക്കാൻ ആർ.എസ്.എസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ജൂലൈയിൽ കരീംനഗറിൽ നടത്തിയ പ്രസംഗത്തിൽ ഉവൈസി ആവർത്തിച്ചത്.
‘വേഗത്തിൽ ഭയക്കുന്ന ആളുകളെ ഭയപ്പെടുത്തുന്നവർ തങ്ങളെ ഭയപ്പെടുത്താൻ അറിയുന്നവരെ ഭയക്കും. എന്തിനാണ് അവർ (ആർ.എസ്.എസ്) എന്നെ വെറുക്കുന്നത്? ഞാൻ മുമ്പ് നടത്തിയ 15 മിനിറ്റ് പ്രയോഗത്തിൻെറ ആഘാതം മറികടക്കാൻ അവർക്ക് കഴിയാഞ്ഞിട്ടാണത്’- ഇതായിരുന്നു കരീംനഗർ പ്രസംഗത്തിൽ ഉവൈസി പറഞ്ഞത്.
ഇതിൽ ഉവൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കാശ്മിഷെട്ടി കരുണസാഗർ ആണ് കോടതിയെ സമീപിച്ചത്. ജൂലൈയിൽ ഇതേ സംഭവത്തിൽ ഭജ്രങ് ദളും വി.എച്ച്.പിയും ഉവൈസിക്കെതിരെ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.