ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം പാളിയതോടെ സമാജ്വാദി പാർട്ടി (എസ്.പി) മൂന്നാംഘട്ടമായി രണ്ടു സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ഇതോടെ പാർട്ടി സ്ഥാനാർഥികൾ 33 ആയി. സംസ്ഥാനത്ത് ആരുമായും കൂട്ടുകൂടാതെ തന്നെ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് പി.സി.സി. പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ്.
സംസ്ഥാനത്ത് കോൺഗ്രസ് സീറ്റു നൽകാൻ വിസമ്മതിക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പിന് മാത്രമാണോ ‘ഇൻഡ്യ’ സഖ്യമുണ്ടാക്കിയതെന്ന് നേതാക്കൾ വ്യക്തമാക്കാതിരിക്കുകയും ചെയ്തതോടെ സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പിണക്കത്തിലാണ്. മധ്യപ്രദേശിൽ കോൺഗ്രസ് എസ്.പിയെ കൈകാര്യം ചെയ്തതുപോലെയായിരിക്കും കോൺഗ്രസിനെ ഉത്തർപ്രദേശിൽ പരിഗണിക്കുകയെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഒക്ടോബർ 15നും രണ്ടാമത്തേത് വ്യാഴാഴ്ചയും പുറത്തിറക്കിയിരുന്നു. അതേസമയം, ആറു മണ്ഡലങ്ങൾ സമാജ്വാദി പാർട്ടിക്ക് നൽകാൻ ധാരണയായിരുന്നുവെന്നും യാഥാർഥ്യമായില്ലെന്നും ഇരു പാർട്ടികളിലെയും നേതാക്കൾ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ നവംബർ 17നാണ് തെരഞ്ഞെടുപ്പ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുന്ദേൽഖണ്ഡ് മേഖലയിലെ ബിജാവറിൽ മാത്രമാണ് സമാജ്വാദി പാർട്ടി ജയിച്ചത്. അഞ്ചു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ട്രൈബൽ ഗോണ്ട് വാന ഗണതന്ത്ര പാർട്ടിയുമായി സഖ്യത്തിലായിരുന്ന എസ്.പി 1.3 ശതമാനം വോട്ടു നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.