ന്യൂഡൽഹി: അഹമ്മദാബാദിന് പകരം ലഖ്നോവിൽ നടന്നിരുന്നുവെങ്കിൽ ഇന്ത്യ ലോകകപ്പ് മത്സരത്തിൽ വിജയിച്ചേനേയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ലഖ്നോവിൽ മത്സരം നടന്നിരുന്നുവെങ്കിൽ ടീമിന് ശ്രീകൃഷ്ണന്‍റെയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിച്ചേനേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗുജറാത്തിൽ നടന്ന ലോകകകപ്പ് മത്സരം ലഖ്നോവിൽ നടന്നിരുന്നുവെങ്കിൽ ഇന്ത്യൻ ടീമിന് നിരവധി പേരുടെ ആശംസകളും അനുഗ്രഹവും ലഭിച്ചേനെ. മത്സരം ലഖ്നോവിൽ നടന്നിരുന്നുവെങ്കിൽ ഇന്ത്യൻ ടീമിന് ശ്രീകൃഷ്ണന്‍റെയും അടൽ ബിഹാരി വാജ്പേയിയുടെയും അനുഗ്രഹം ലഭിച്ചേനേ. അങ്ങനെ മത്സരത്തിൽ ഇന്ത്യക്ക് കപ്പ് നേടാമായിരുന്നു" - അഖിലേഷ് യാദവ് പറഞ്ഞു.
ഏകന സ്റ്റേഡിയം എന്നാണ് ലഖ്നോവിലെ സ്റ്റേഡിയത്തിന് നൽകിയിരുന്ന പേര്. ഏകന എന്നാൽ ശ്രീകൃഷ്ണന്‍റെ പേരാണ്. 2018ൽ ബി.ജെ.പി ഈ സ്റ്റേഡിയത്തിനെ 'ഭാരത് രത്ന അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം' എന്ന് പുനർനാമകരണം ചെയ്തിരുന്നു.
അഹമ്മദാബാദിലെ സ്റ്റേഡിയത്തിന്‍റെ പിച്ചിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇത് കളിക്കാരുടെ പരിശ്രമങ്ങൾ വിഫലമാക്കിയെന്നും യാദവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ലോകകപ്പ് മത്സരത്തിൽ ഇന്ത്യ വിജയിക്കാതിരുന്നതിന് കാരണം അപശകുനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.
ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണ്. ഇന്ത്യ നന്നായി കളിച്ച് ഒറ്റ കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതാണ്. എന്നാൽ അപശകുനമായി മോദി ഫൈനൽ മത്സരം കാണാനെത്തിയതോടെ കളി തോറ്റ് ഇന്ത്യ പുറത്തായി.-എന്നായിരുന്നു രാഹുലിന്റെ പരിഹാസം. നേരത്തേ സമൂഹമാധ്യമങ്ങളിലും ഇതേ രീതിയിലുള്ള പരിഹാസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യ തോൽവിയിലേക്ക് നീങ്ങുമ്പോൾ നരേന്ദ്രമോദി ചിരിച്ചുകൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സമൂഹമാധ്യമങ്ങൾ പരിഹാസം ചൊരിഞ്ഞത്. എന്നാൽ രാഹുലാണ് കോൺഗ്രസിന്റെ അപശകുനമെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.