ലഖ്നോ: മുൻ എം.പിയും ക്രിമിനൽ കേസ് പ്രതിയുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്.ടി.എഫ്) തമ്മിലുണ്ടായ ഏറ്റുമുട്ടൽ വ്യാജമാണെന്ന് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബി.ജെ.പി സർക്കാർ കോടതിയിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസദിനൊപ്പം തലക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഗുലാം എന്നയാളെയും എസ്.ടി.എഫ് ഝാൻസിയിൽ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഡെപ്യൂട്ടി എസ്.പിമാരായ നവേന്ദു, വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് യു.പി പൊലീസ് സംഘം ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് പ്രയാഗ്‌രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നിരുന്നു. അതിനിടെയാണ് മകനെ പൊലീസ് കൊലപ്പെടുത്തിയത്.
‘വ്യാജ ഏറ്റുമുട്ടലുകളിലൂടെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. ബി.ജെ.പിക്ക് കോടതിയിൽ വിശ്വാസമില്ല. ഇന്നത്തെയും സമീപകാലത്തെയും ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണം, കുറ്റവാളികളെ വെറുതെ വിടരുത്. ശരിയോ തെറ്റോ എന്ന് തീരുമാനിക്കാൻ അധികാരത്തിന് അവകാശമില്ല. ബി.ജെ.പി സാഹോദര്യത്തിന് എതിരാണ്’ -അഖിലേഷ് ട്വീറ്റ് ചെയ്തു.
കൊല്ലപ്പെട്ടവരിൽനിന്ന് അത്യാധുനിക വിദേശ നിർമിത ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു. താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി ഹൈകോടതിയെ സമീപിക്കാനാണ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.