അലിഗഢിന്‍റെ പേരുമാറ്റം; പ്രമേയം പാസാക്കി അലിഗഢ് മുൻസിപൽ കോർപ്പറേഷൻ

ലഖ്നോ: അലിഗഢിന്‍റെ പേര് ഹരിഗഢെന്നാക്കാനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി അലിഗഢ് മുൻസിപൽ കോർപ്പറേഷൻ. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ മേയർ പ്രശാന്ത് സിംഗാളാണ് പ്രമേയം അവതരിപ്പിച്ചത്.

"ഇന്നലെ നടന്ന യോഗത്തിൽ അലിഗഢിന്‍റെ പേര് ഹരിഗഢെന്നാക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. എല്ലാ അംഗങ്ങളും അതിനെ അംഗീകരിച്ചു. ഇനി ഈ നിർദ്ദേശം സർക്കാറിന് അയക്കും. സർക്കാർ അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാനുള്ള ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളരെ നാളായുള്ള ആവശ്യമാണ്"- പ്രശാന്ത് സിംഗാൾ പറഞ്ഞു.

പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചാൽ അത് ബി.ജെപി ഭരണത്തിന് ശേഷം പുനർനാമകരണം ചെയ്യപ്പെട്ട സ്ഥലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. 2019 ജനുവരിയിൽ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് പുനർനാമകരണം ചെയ്തതാണ് ഏറ്റവും അടുത്ത പേര്മാറ്റം.

2021-ൽ അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളുടെ പേരുമാറ്റം തന്റെ സർക്കാർ തുടരുമെന്ന് 2019-ൽ മുഖ്യമന്ത്രി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Aligarh to become Harigarh? Civic body gives go-ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.