ന്യൂഡൽഹി: ഒരു പനിയോ ജലദോഷമോ തലവേദനയോ വന്നാൽ എല്ലാവരും ആദ്യം തെരഞ്ഞെടുക്കുക ഡോളോ 650യോ അല്ലെങ്കിൽ മറ്റേതെങ്കിലും പാരസെറ്റമോൾ ഗുളികയോ ആയിരിക്കും.
2020ൽ കോവിഡ് മഹാമാരി പിടിമുറുക്കിയതുമുതൽ 350 കോടി ഡോളോ ഗുളികൾ ഇന്ത്യയിൽ വിറ്റഴിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. പാരസെറ്റാമോളാണ് പനിക്കും ജലദോഷത്തിനും ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്നത്. ഇതിൽതന്നെ ഡോളോ 650യുടെ ഇന്ത്യയിലെ വിൽപ്പന ഇരട്ടിയായി വർധിച്ചു.
കോവിഡിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് പനിയും തലവേദനയും. ഇവക്കാണ് ഡോളോ അടക്കമുള്ള പാരസെറ്റാമോൾ ഗുളികകൾ ഉപയോഗിക്കുക.
350 കോടി ഡോളോ ഗുളികകൾ ലംബമായി അടുക്കിവെച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പർവതമായ മൗണ്ട് എവറസ്റ്റിന്റെ 6000 മടങ്ങും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 63000 മടങ്ങും ഉയരമുണ്ടാകും.
ഡോളോ 650ക്ക് 1.5 സെന്റിമീറ്റർ വലിപ്പമുണ്ടാകും. കോവിഡ് 19ന് മുമ്പ് 7.5 കോടി ഡോളോ ഗുളികകളുടെ സ്ട്രിപ്പാണ് വിറ്റത്. 15 ഗുളികകളാണ് ഒരു സ്ട്രിപ്പിലുണ്ടാകുക.
2019ൽ വാർഷിക വിൽപ്പന 9.4 കോടി സ്ട്രിപ്പായി ഉയർന്നു. അതായത് 141 കോടി ഗുളികകൾ. എന്നാൽ 2021 നവംബറോടെ ഇത് 217 കോടി ഗുളികകളായി ഉയർന്നു.
സെപ്റ്റംബർ 2020 ഓടെയായിരുന്നു ഇന്ത്യയിൽ കോവിഡിന്റെ ആദ്യ തരംഗം. മേയ് 2021ലെത്തിയ രണ്ടാംതരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതും മരണനിരക്ക് ഉയരുന്നതും കണ്ടു. രണ്ട് തരംഗങ്ങളിലുമായി 3.5 കോടി പേർക്ക് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ കോവിഡ് തുടങ്ങിയതുമുതൽ ഇന്ത്യയിൽ വിറ്റത് 350 കോടി ഡോളോ ഗുളികകളും.
ഇതോടെ 2021ൽ 307 കോടി രൂപയുടെ വിൽപ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി -വേദന സംഹാരി ഗുളികയായി ഡോളോ മാറി. ജി.എസ്.കെയുടെ കാൽപോളാണ് ഒന്നാം സ്ഥാനത്ത്. വിറ്റുവരവ് 310 കോടി രൂപയും. ആറാം സ്ഥാനത്താണ് ക്രോസിന്റെ സ്ഥാനം. 23.6 കോടി രൂപയുടേതാണ് വിറ്റുവരവ്.
കോവിഡിന് മുമ്പ് പാരസെറ്റാമോളിന്റെ എല്ലാ കാറ്റഗറിയിലുള്ള ഗുളികകളുടെയും വിൽപ്പന 530 കോടിയായിരുന്നു. എന്നാൽ 2021 ഓടെ ഇവയുടെ വിൽപ്പനയിൽ 70 ശതമാനം ഉയർന്നു. ഇതോടെ വാർഷിക വരുമാനം 924 കോടിയിലെത്തി.
വിൽപ്പനയിൽ മാത്രമല്ല, ഗൂഗ്ൾ സെർച്ചിലും ഒന്നാംസ്ഥാനം ഡോളോക്കാണ്. 2020 ജനുവരി മുതൽ രണ്ടുലക്ഷത്തിലധികം സെർച്ചുകളാണ് ഡോളോ 650ക്കെത്തിയത്. കാൽപോൾ 650 തിരഞ്ഞത് 40,000 തവണയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.