രാഹുൽ ഗാന്ധി, രാജ്നാഥ് സിങ്, ഉമർ അബ്ദുല്ല, ചിരാഗ് പാസ്വാൻ, സ്മൃതി ഇറാനി 

അഞ്ചാംഘട്ടത്തിലെ പ്രചാരണം ഇന്ന് അവസാനിക്കും; അമേത്തിയും റായ്ബറേലിയും ശ്രദ്ധാകേന്ദ്രം

ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് മേയ് 20ന് വോട്ടെടുപ്പ് നടക്കുക. യു.പിയിലെ അമേത്തി, റായ്ബറേലി മണ്ഡലങ്ങളാണ് അഞ്ചാംഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.

ബിഹാർ (അഞ്ച് മണ്ഡലം), ഝാർഖണ്ഡ് (മൂന്ന്), മഹാരാഷ്ട്ര (13), ഒഡിഷ (അഞ്ച്), യു.പി (14), പശ്ചിമ ബംഗാൾ (ഏഴ്), ജമ്മു കശ്മീർ (ഒന്ന്), ലഡാക്ക് (ഒന്ന്) എന്നിങ്ങനെയാണ് അഞ്ചാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുന്ന മണ്ഡലങ്ങളുടെ കണക്ക്. നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി കണക്കാക്കുന്ന യു.പിയിലെയും മഹാരാഷ്ട്രയിലെയും മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. യു.പിയിൽ മറ്റന്നാൾ ബൂത്തിലെത്തുന്ന 14 മണ്ഡലങ്ങളിൽ 2019ൽ 13ലും ബി.ജെ.പിയാണ് വിജയിച്ചത്. അന്ന് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. ഇത്തവണ മകൻ രാഹുൽ ഗാന്ധിയാണ് റായ്ബറേലിയിൽ ജനവിധി തേടുന്നത്.

1.67 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സോണിയ റായ്ബറേലിയിൽ കഴിഞ്ഞതവണ വിജയിച്ചത്. അതേസമയം, കോൺഗ്രസിന്‍റെ പരമ്പരാഗത മണ്ഡലമായ അമേത്തിയിൽ മത്സരിച്ച രാഹുലാകട്ടെ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ രാഹുലിന് വേണ്ടി കോൺഗ്രസ് ദേശീയ നേതൃത്വമാകെ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നുണ്ട്. മണ്ഡലത്തിലെത്തിയ സോണിയ ഗാന്ധി ഇന്നലെ വൈകാരിക പ്രകടനമാണ് നടത്തിയത്. 'എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, എന്നെ സ്നേഹിച്ചതുപോലെ അവനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’ എന്നാണ് സോണിയ വോട്ടർമാരോട് പറഞ്ഞത്.

അമേത്തിയില്‍ ബി.ജെ.പിക്കായി സമൃതി ഇറാനിയും കോണ്‍ഗ്രസിനായി കിഷോരി ലാല്‍ ശര്‍മയുമാണ് മത്സരിക്കുന്നത്. 2019ൽ അരലക്ഷത്തിലേറെ വോട്ടിനാണ് സ്മൃതി രാഹുലിനെ പരാജയപ്പെടുത്തിയത്.

രാഹുൽ ഗാന്ധിക്കും സ്മൃതി ഇറാനിക്കും പുറമേ രാജ്നാഥ് സിങ്, പീയുഷ് ഗോയൽ, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഉമർ അബ്ദുല്ല തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് ലഖ്നോവിൽ നിന്നാണ് മൂന്നാം തവണയും ജനവിധി തേടുന്നത്. ലൈംഗികാതിക്രമക്കേസ് പ്രതിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ എം.പിയുമായ ബ്രിജ്ഭൂഷൺ സിങ്ങിന്‍റെ മകൻ കരൺഭൂഷൺ സിങ് കൈസർഗഞ്ച് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാണ്. ബിഹാറിലെ ഹാജിപൂർ മണ്ഡലത്തിലാണ് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ മത്സരിക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈ നോർത്തിലാണ് ബി.ജെ.പി നേതാവ് പീയുഷ് ഗോയൽ മത്സരിക്കുന്നത്. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലാണ് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല മത്സരിക്കുന്നത്. 

Tags:    
News Summary - All eyes on Rae Bareli, Amethi as 14 Lok Sabha constituencies go to the polls in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.